WhatsApp Icon

Our Blogs

Home Our Blogs

ലൈറ്റിങ് ശാസ്ത്രമാണ്; കലയും

 മിക്ക വീടുകളിലും പലപ്പോഴും അർഹിക്കുന്ന പ്രാധാന്യം കിട്ടാത്ത ഘടകമാണ് ലൈറ്റിങ്. ഭംഗിയിലും ഉപയോഗത്തിലും മാത്രമല്ല, നമ്മുടെ വികാരവിചാരങ്ങളിലും ആരോഗ്യത്തിലും വരെ മാറ്റം വരുത്താൻ ലൈറ്റിങ്ങിനു സാധിക്കും. ഇൻ്റീരിയർ മുഴുവനായി മാറ്റുന്നതിനു പകരം ലൈറ്റിങ്ങിൽ വരുത്തുന്ന ചില വ്യത്യാസങ്ങൾ കൊണ്ട് പലപ്പോഴും വീടിനെ കൂടുതൽ സന്തോഷപ്രദവും കാര്യക്ഷമതയുമുള്ളതുമാക്കി മാറ്റാം.

റെട്രോഫിറ്റ്

     നിലവിലുള്ള ലൈറ്റ് ഫിക്‌സ്‌ചറുകൾ, വിളക്കുകൾ എന്നിവയെ നവീകരിക്കുന്നതിനാണ് റെട്രോഫിറ്റ് എന്നു പറയുന്നത്. ഇതുവഴി ഊർജ ഉപയോഗം കുറയ്ക്കാൻ സാധിക്കുന്നു. പുതുക്കുന്നതിനുള്ള പണം കാലക്രമേണ ഊർജ ലാഭത്തിലൂടെ നികത്താൻ സാധിക്കുന്നു. അറ്റകുറ്റപ്പണികൾക്കുള്ള പൈസയും കുറയ്ക്കാം. ലൈറ്റിങ് ശാസ്ത്രവും കലയുമാണ്. അതിന് നമ്മുടെ ഊണിനെയും ഉറക്കത്തെയും വരെ സ്വാധീനിക്കാൻ സാധിക്കും. ഭംഗി, സുരക്ഷ, മൂഡ്, ആസ്വാദനം ഇവയെല്ലാം കണക്കിലെടുത്ത് വേണം ലൈറ്റിങ്. ലൈറ്റിങ് ഡിസൈനും ഇലക്ട്രിക് സിസ്റ്റവുമെല്ലാം അറിയുന്ന വിദഗ്ധനെ സമീപിക്കുക.

     കെൽവിൻ (K) സ്കെയിലിലാണ് പ്രകാശം അളക്കുന്നത്.  പ്രകാശത്തിൻ്റെ ചെറിയ അളവ് മഞ്ഞ കലർന്നതായിരിക്കും. ഉയർന്ന അളവാണെങ്കിൽ വെള്ളയോ നീലയോ ആയിരിക്കും. പ്രകൃതിദത്ത വെളിച്ചം 4000 K ആണ്. ഇതിൽ കുറഞ്ഞത് 'വാം' (മഞ്ഞ-warm) ലൈറ്റും കൂടിയത് 'കൂൾ' ലൈറ്റുമാണ്. ഓഫീസ്, ആശുപത്രി, പൊതുഇടങ്ങൾ, ജോലി സ്‌ഥലങ്ങൾ എന്നിവിടങ്ങളിൽ 'കൂൾ' ലൈറ്റാണ് വേണ്ടത്. ആരാധനാലയങ്ങൾ, വിശ്രമസ്‌ഥലങ്ങൾ എന്നിവിടങ്ങളിൽ 'വാം' ലൈറ്റും. കൂൾ നിറങ്ങൾ ക്ഷമത കൂട്ടുമ്പോൾ 'വാം' നിറങ്ങൾ സൗഖ്യവും ആശ്വാസവുമേകുന്നു. ഒരു മുറിയിൽത്തന്നെ പലതരം ലൈറ്റുകൾ നൽകാൻ ഇന്നു സാധ്യമാണ്. ഒറ്റ സ്വിച്ചിൽ പല ഉപയോഗങ്ങൾക്കായി മുറി മാറ്റിയെടുക്കാം. ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയുടെ സ്‌റ്റാർ റേറ്റിങ് ഉള്ള ബൾബുകൾ വാങ്ങുക.

     ഏറ്റവും നന്നായി വെളിച്ചമേകിയിട്ടുള്ള ഇടങ്ങളെല്ലാം 'ലെയേഡ് ലൈറ്റിങ്' (layered lighting) എന്ന ആശയത്തിലൂന്നിയുള്ളതാകും. ഏതുതരം വെളിച്ചമാണെന്നുള്ളതും വെളിച്ചത്തിൻ്റെ താപനിലയും ഇതിൽ പ്രധാനമാണ്. അത്തരത്തിൽ മൂന്നു തരം ലൈറ്റിങ്ങാണുള്ളത്.

ലൈറ്റിങ് ചെയ്യുമ്പോൾ പരിഗണിക്കേണ്ട ഘടകങ്ങൾ

  • ചെയ്യേണ്ട ഇടവും അതിൻ്റെ അളവും
  • അവിടെ താമസിക്കേണ്ടയാളുടെ പ്രായവും ഇഷ്‌ടങ്ങളും
  • സീലിങ്ങിൻ്റെ ഉയരവും ആകൃതിയും
  • ചുമരുകളുടെ നിറവും ഫർണിച്ചറും
  • നിലവിലുള്ള ലൈറ്റും വൈദ്യുത ക്രമീകരണങ്ങളും
  • ഫോക്കസ് ചെയ്യേണ്ട ഇടങ്ങൾ, ആർട് വർക്, ഹൈലൈറ്റ് ചെയ്യേണ്ട ഇടങ്ങൾ
  • നിഴലുകളും പ്രതിഫലനങ്ങളും
  • പകൽവെളിച്ചം
  • പ്രതലത്തിലെ ഫിനിഷുകൾ
  • നിറം
  • സ്വിച്ച്/സെൻസർ, റിമോട്ട്/സെൻസർ എന്നിങ്ങനെ വെളിച്ചത്തെ നിയന്ത്രിക്കാനുള്ള സംവിധാനം
  • ഇടത്തിൽ നിർവഹിക്കേണ്ട ജോലി, ചലനപാത
  • സാമ്പത്തികവും ഊർജക്ഷമതയും
  • വെളിച്ചത്തിൻ്റെ തോത്
  • മാനസികവും ശാരീരികവുമായ ഘടകങ്ങൾ
  • ഇലക്ട്രിക്കൽ കോഡ്,  ഡോക്യുമെൻ്റേഷൻ, പ്രത്യേക നിർദേശങ്ങൾ ഇവയെല്ലാം പൊതുവായ ചില മാർഗനിർദേശങ്ങളാണ്. ഓരോ വീടും വ്യത്യസ്‌തമായതിനാലും പ്രത്യേക കരുതൽ വേണ്ടതിനാലും വിദഗ്‌ധ സഹായം തേടണം.


ജനറൽ/ആംബിയൻ്റ ലൈറ്റിങ്

              ഇൻ്റീരിയറിന് വെളിച്ചമേകാൻ ഉപയോഗിക്കുന്ന പൊതുവായ ലൈറ്റിങ് ആണിത്. ഒരു മുറിയിലെ പ്രകൃതിദത്ത വെളിച്ചവും കൃത്രിമ വെളിച്ചവും ചേർന്നതാണിത്.


ടാസ്ക്‌ ലൈറ്റിങ്

               ഏതെങ്കിലും ജോലികൾ - പാചകം, തയ്യൽ, എഴുത്ത്, പഠനം, സുരക്ഷ തുടങ്ങിയവയ്ക്ക് നൽകുന്ന ലൈറ്റിങ് വസ്‌തുക്കളെ സൂക്ഷ്മ‌മായി കാണിക്കുകയും സൂരക്ഷിത മാർഗം ഒരുക്കുകയും ചെയ്യുന്നു. ശരിയായി നൽകിയാൽ ചെയ്യുന്ന ജോലിയുടെ ക്ഷമത വർധിപ്പിക്കാം.



 

ആക്‌സൻ്റ് ലൈറ്റിങ്

              ഒരു വസ്‌തുവിൻ്റെ സവിശേഷതകളെ എടുത്തു കാണിച്ച് ഇടത്തിൻ്റെ ഭംഗി വർധിപ്പിക്കുകയാണ് ആക്‌സൻ്റ് ലൈറ്റിങ്ങിൻ്റെ ഉദ്ദേശം മുറിക്ക് പ്രത്യേക മൂഡ് സൃഷ്‌ടിച്ച് നാടകീയത പകരുന്നു.

വെളിച്ചം മൂന്നു തരം

വാം (warm) ലൈറ്റ്

     മുറിക്ക് ഊഷ്‌മളതയും സുഖവുമേകുന്നു. കിടപ്പുമുറികൾക്കും ലിവിങ് റൂമിനും മികച്ചത്.

ന്യൂട്രൽ ലൈറ്റ്

     വെള്ള വെളിച്ചം. ഊർജവും ശ്രദ്ധയും വേണ്ടയിടങ്ങളിൽ മികച്ചത് അടുക്കള, ബാത്റൂം, ഗരാഷ്, യൂട്ടിലിറ്റി റൂം എന്നിവിടങ്ങളിലേക്ക് മികച്ചത്.

കൂൾ ലൈറ്റ്

     പ്രകാശം പരത്തുന്ന നീല/വെള്ള കലർന്ന വെളിച്ചം. ഉച്ചസമയം, വെയിലുള്ള ദിനം എന്നിവയോടു സാമ്യം തോന്നുന്ന തരം വെളിച്ചം. വായന, മറ്റു ഹോബികൾ എന്നിവയ്ക്ക് മികച്ചത്. സൂക്ഷ്‌മാംശങ്ങളിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് തോന്നുന്ന അടുക്കള. ബാത്റൂം എന്നിവിടങ്ങളിലേക്ക് അനുയോജ്യം.

     ഇപ്പോൾ ഒരു സ്വിച്ചിൽ തന്നെ മൂന്നു നിറങ്ങളിലേക്കും മാറാവുന്ന ബൾബുകൾ ലഭ്യമാണ്, റിമോട്ട് ഉപയോഗിച്ചും ഇതു സാധ്യമാണ്. ഇതിൻ്റെ തീവ്രത ഡിമ്മർ ഉപയോഗിച്ചു നിയന്ത്രിക്കാം.

പലതരം ഫിക്സ്‌ചറുകൾ 

സർഫസ് ലൈറ്

സീലിങ്ങോ ചുമരോ പോലെ പ്രതലങ്ങളിൽ ഉറപ്പിച്ചിട്ടുള്ള ലൈറ്റ്. കിടപ്പുമുറി, ഹാൾ, പ്രവേശനവഴി എന്നിവിടങ്ങളിൽ ഉപയോഗിക്കാം.

പെഡൻ്റ് ലൈറ്റ്

     സീലിങ്ങിൽ നിന്ന് തൂങ്ങിക്കിടക്കുന്ന തരം ലൈറ്റ്. അടുക്കള, ഡൈനിങ്, ബെഡ് സൈഡ് ടേബിൾ എന്നിവിടങ്ങളിൽ നൽകാം. ഉയർന്ന സീലിങ് ഉള്ളയിടങ്ങളിൽ പ്രത്യേകിച്ചും ഇവ കാണാം.


റിസസ്‌ഡ് ലൈറ്റ്

     പ്രകാശസ്രോതസ്സ് നേരിട്ട് കാണാത്ത ലൈറ്റിങ്. പൊതുവേ സീലിങ്ങിൽ നൽകുന്നു. ഡൗൺലൈറ്റ് ആയി നൽകാവുന്ന ഇത് ഏതിടത്തിനും അനുയോജ്യമാണ്. ഫോൾസ് സീലിങ്ങിൽ നൽകി വരുന്നു.

                 

ട്രാക്ക് ലൈറ്റ്

     ഒരുപാട് ലൈറ്റിങ് സാധ്യതകൾ ഇതിലുണ്ട്. രീതിയിൽ ഒരു ചാനലിനുള്ളിൽ എവിടെ വേണമെങ്കിലും ലൈറ്റ് കൊടുക്കാം. ഒരു മീറ്ററിൽ നാല് ലൈറ്റ് നൽകാം. ആവശ്യമുള്ള നീളത്തിൽ അളന്നു വാങ്ങാവുന്നതാണ്. ഒന്നിലധികം ബൾബുകളും ഒന്നിലധികം സർക്യൂട്ടും വോൾട്ടേജും ഇതിൽ നൽകാം. പെൻഡ ഡൻ്റ് ലൈറ്റ്, സർഫസ് ലൈറ്റ് എന്നിങ്ങനെ ഏതു വേണമെങ്കിലും നൽകാം. ബൾബിൻ്റെ അകലം ക്രമീകരിക്കാം. ആവശ്യമുള്ളയിടത്തേക്ക് ബൾബ് തിരിക്കാം. ഒരു ട്രാക് ലൈറ്റിൽ പല നിറത്തിൽ, പല വോൾട്ടേജിൽ, പല ദിശയിൽ വെളിച്ചം നൽകാം. അടുത്തിടെയായി മാഗ്‌നറ്റിക് ട്രാക് ലൈറ്റ് വിപണിയിൽ അവതരിച്ചിട്ടുണ്ട്. 'സ്ലീക് ലുക്ക്' ആണെന്നതാണ് ഇതിൻ്റെ ഗുണം.


എൽഇഡി പ്രൊഫൈൽ ലൈറ്റ്

     ലീനിയർ ലൈറ്റ് നൽകുന്നതിനും അലങ്കാരത്തിനും വേണ്ടിയാണ് ഇത്. ഏതൊരു ജ്യാമിതീയ ആകൃതിയിലും ഏതു നീളത്തിലും നൽകാം. മീറ്റർ അളവിലാണ് വിൽക്കുന്നത്. മുറിച്ചു വാങ്ങുമ്പോൾ ഓരോന്നിനും പ്രത്യേകം ഡ്രൈവർ വേണം. കോർണർ, റിസസ്ഡ്, സെമിറിസസ്‌ഡ്, സീലിങ്, ഫ്ലോർ, വോൾ എന്നിവയാണ് പലതരം എൽഇഡി പ്രൊഫൈൽ ലൈറ്റുകൾ. പ്രൊഫൈൽ എന്നതുകൊണ്ട് അർഥമാക്കുന്നത് ചുമരിനുള്ളിലേക്കു പോകുന്ന എൽഇഡി സ്ട്രിപ്പിനു പിറകിലെ കേസിങ് ആണ്. വെളിച്ചം വീഴേണ്ടതിൻ്റെ ദിശ നിശ്ചയിക്കുന്നത് ഇതാണ്. വെളിച്ചം ഒരേപോലെ വിതരണം ചെയ്യുന്ന കേസിങ് മുന്നിലും ഉണ്ടാവും. വളഞ്ഞ പ്രതലങ്ങളിലേക്കായി വളയ്ക്കാവുന്ന എൽഇഡി അലുമിനിയം പ്രൊഫൈൽ ലഭ്യമാണ്.

പോർട്ടബിൾ ലൈറ്റ്

   എവിടേക്കും എടുത്തു കൊണ്ടുപോകാൻ സാധിക്കുന്ന ലൈറ്റ് ആണ് പോർട്ടബിൾ ലൈറ്റ്. ബാറ്ററിയിൽ പ്രവർത്തിപ്പിക്കാവുന്ന പോർട്ടബിൾ ഫിക്‌സ്‌ചർ കൂടുതൽ ജനപ്രിയമാണ്. മേശ മേലും ബെഡ്സൈഡ് ടേബിളിലുമാണ് പോർട്ടബിൾ ലൈറ്റ് കൂടുതലായി ഉപയോഗിക്കുന്നത്. ടേബിൾ ലാംപ്, ഫ്ലോർ ലാംപ്, പിക്ചർ ലൈറ്റ് തുടങ്ങിയവയാണ് പോർട്ടബിൾ ലൈറ്റിന് ഉദാഹരണങ്ങൾ.

ഓരോ മുറിയിലേക്കുമുള്ള ലൈറ്റിങ്

 ഫോയർ

   അതിഥികളെ സ്വാഗതം ചെയ്യുന്ന മുറിയിൽ നിറയെ പ്രകാശം വേണം. ഇവിടെനിന്ന് മറ്റു മുറികളിലേക്ക് പ്രവേശിക്കണം, സുരക്ഷിതത്വം വേണം എന്നിവ മുന്നിൽക്കണ്ട് വെളിച്ചം ഉറപ്പാക്കണം. സീലിങ് ഫിക്സ‌്‌ചേഴ്‌സ് ആണ് ഇതിന് അനുയോജ്യം. നിഴലുകൾ വീഴ്ത്തുന്ന, തലയ്ക്കു മീതേയുള്ള കഠിനമായ സ്പോട്‌ലൈറ്റ് ഒഴിവാക്കുക. ആർട് വർക്കിന് ആക്സൻ്റ് ലൈറ്റ്, ചുമർ ഹൈലൈറ്റ് ചെയ്യാൻ ട്രാക് ലൈറ്റ് എന്നിവ നൽകാം.

ചലന സ്വാതന്ത്യം നഷ്ടപ്പെടാത്ത വിധം പെൻഡൻ്റ് ലൈറ്റ് നൽകാം. എളുപ്പത്തിൽ എത്തിപ്പിടിക്കാൻ പാകത്തിന് സ്വിച്ച് നൽകണം.

സ്റ്റെയർ ഹാൾവേ

  സ്‌റ്റെയറിലും ഹാളിലും സുരക്ഷിതത്വം ഉറപ്പാക്കുന്ന നല്ല ലൈറ്റിങ് നൽകണം. പ്രവേശനപാത/ഇടനാഴി (ഹാൾവേ) യിൽ എല്ലാ നാല്-ആറ് അടിയിലും ലൈറ്റിങ് ചെയ്യുന്നത് കാര്യക്ഷമമാണ്. ഫോൾസ് സീലിങ്ങിൽ റിസസ്‌ഡ് ലൈറ്റ് അല്ലെങ്കിൽ പാനൽ ലൈറ്റ് ഉപയോഗിക്കാം. സാദാ സീലിങ് ആണെങ്കിൽ സർഫസ് ലാംപ് ഉപയോഗിക്കാം. ആർട് വർക് ഹൈലൈറ്റ് ചെയ്യാൻ സ്പോട് ലൈറ്റ് നൽകാം.


ലിവിങ് റൂം

എല്ലാവരും കൂടി ഒന്നിച്ച് ഏറ്റവും കൂടുതൽ സമയം ചെലവിടുന്നയിടമാണ് ലിവിങ്/ഫാമിലി ലിവിങ്. അതുകൊണ്ടു തന്നെ ഇവിടത്തെ ലൈറ്റിങ് വളരെ പ്രധാനമാണ്. ടിവി കാണുക, കംപ്യൂട്ടർ നോക്കുക, വായിക്കുക, എല്ലാവരും ഒന്നിച്ചിരിക്കുക തുടങ്ങിയ പ്രവൃത്തികളെല്ലാം നടക്കുന്നത് ഇവിടെയാണല്ലോ. ട്രാക് ലൈറ്റിങ്ങും അഡ്‌ജസ്‌റ്റ് ചെയ്യാവുന്ന റിസസ്‌ഡ് ഡൗൺ ലൈറ്റിങ്ങുമാണ് ഇവിടേക്ക് അനുയോജ്യം. ആർട് വർക്, അലങ്കാരങ്ങൾ എന്നിവ ഹൈലൈറ്റ് ചെയ്യാൻ ഇതു സഹായകമാണ്. ഡിം ചെയ്യാവുന്ന പലതരം ലൈറ്റിങ് ലെയറുകൾ നൽകുക. ഫ്ലോർ ലാംപ്, ടേബിൾ ലാംപ് പോലെ എടുത്തു മാറ്റിക്കൊണ്ടു പോകാൻ സാധിക്കുന്ന തരം (പോർട്ടബിൾ) ലൈറ്റ് നൽകുകയുമാകാം. ടിവിയിൽ 'ഫ്ലെയർ' അടിക്കാത്ത വിധം ലൈറ്റിങ് ചെയ്യുക. ടിവി യൂണിറ്റിന് ഡിമ്മറും താഴ്ന്ന ലെലവിലുള്ള ലൈറ്റും ഉപയോഗിക്കുക. ഡൗൺ ലൈറ്റ്, ആക്സൻ്റ്, പോർട്ടബിൾ സെറ്റ് എന്നിവയോടൊപ്പം കുറച്ച് ആംബിയൻ്റ് ലൈറ്റിങ്ങും കൂടി ആയാൽ ലിവിങ് റൂം ജോറായി

അടുക്കള 

 അടുക്കള ഇപ്പോൾ പാചകത്തിനു മാത്രമല്ലല്ലോ. എല്ലാവരും ഒത്തുകൂടുന്ന സ്‌ഥലമാണ് അടുക്കള. പാചകം, ഭക്ഷണം കഴിക്കൽ. വൃത്തിയാക്കൽ തുടങ്ങി പല ജോലികളാണ് ഇവിടെ നടക്കുന്നത്. ആംബിയൻ്റ് ലൈറ്റിൻ്റെ ധാരാളിത്തമാണ് ഇവിടെ വേണ്ടത്. അതിനെ  പിന്തുണയ്ക്കാൻ ടാസ്ക് ലൈറ്റിങ്ങും വേണം.

 അണ്ടർകാബിനറ്റ് ലൈറ്റ് നൽകുന്നത് കാഴ്ചയ്ക്കുള്ള ഭംഗി കൂട്ടാനും പാചക സംബന്ധമായ ജോലി നടക്കുന്നയിടത്തേക്ക് ആവശ്യത്തിനു വെളിച്ചം കിട്ടാനുമാണ്. നിഴലും ഫ്ലെയറും ഇല്ലാതിരിക്കാൻ റിസസ്‌ഡ് ലൈറ്റും കൊടുക്കണം. ഓവർഹെഡ് കാബിനറ്റിനു താഴെയായി കൗണ്ടർടോപ്പിലേക്കു നൽകുന്നതാണ് അണ്ടർകാബിനറ്റ് ലൈറ്റ്. സ്പോട്, എൽഇഡി എന്നിങ്ങനെ ഏതു ലൈറ്റും ഇത്തരത്തിൽ നൽകാം. അണ്ടർ കാബിനറ്റ് ലൈറ്റിൻ്റെ സ്രോതസ്സ് മറച്ചു വേണം പിടിപ്പിക്കാൻ. അല്ലെങ്കിൽ കൗണ്ടർടോപ്പിൻ്റെ മിനുസമായ പ്രതലത്തിൽ തട്ടിഗ്ലെയർഅടിക്കും. അണ്ടർ കാബിനറ്റ് ലൈറ്റിനു പകരം സീലിങ്ങിൽ നിന്നും ലൈറ്റ് നൽകാവുന്നതാണ്. കൗണ്ടർടോപ്പിൻ്റെ വീതി പൊതുവേ 60 സെമീ ആണ്. സീലിങ്ങിൽ ലൈറ്റ് നൽകുമ്പോൾ വീതിക്കുള്ളിൽ നൽകാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ ജോലി ചെയ്യുന്നയാളുടെ നിഴൽ കൗണ്ടർടോപ്പിൽ വീഴാൻ സാധ്യതയുണ്ട്. ചുമരിൽ നിന്ന് 45 സെമീ അകലത്തിൽ നൽകുന്നതാകും ഉചിതം.

ഐലൻഡ് കിച്ചനോ ബ്രേക്‌ഫാസ്‌റ്റ് കൗണ്ടറോ ഉണ്ടെങ്കിൽ പെൻഡൻ്റ് ലൈറ്റോ ഡിമ്മർ ഉള്ള ഷാൻഡ്‌ലിയറോ നൽകാം. ഡിമ്മർ ഉള്ളപ്പോൾ ആവശ്യാനുസരണം പ്രകാശത്തിൻ്റെ തീവ്രത കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം.

അടുക്കളയിൽ പ്രകാശം ഒരുപാട് ആവശ്യമുള്ളതുകൊണ്ട് ഊർജക്ഷമതയുള്ള എൽഇഡി ലൈറ്റ് ഉപയോഗിക്കാം.


ബാത്റൂം

ഉപയോഗം, സുരക്ഷ, ഭംഗി എന്നിവയാണ് ബാത്റൂമിൻ്റെ  പ്രഥമ ലക്ഷ്യം. എല്ലായിടത്തും ഒരുപോലെ ലഭിക്കുന്ന നിഴലില്ലാത്ത വെളിച്ചമാണ് ബാത്റൂമിൽ ആവശ്യം. ചെറിയ ബാത്റൂമിൽ അകത്തേക്ക് കയറിയിരിക്കുന്ന റിസസ്‌ഡ് ലൈറ്റ് മികച്ചതാണ്. കാരണം സ്‌ഥലം ലാഭിക്കുന്നതിനൊപ്പം വൃത്തിയുള്ള 'ഗ്ലെയർ' (glare) ഇല്ലാത്ത ലുക്കും കിട്ടും. കണ്ണാടിക്കും വാഷ് ബേസിനും മുകളിൽ സീലിങ്ങിൽ നിന്ന് പെൻഡൻ്റ് ലൈറ്റ് നൽകാം. ചുമരിൽ സ്കോൺസ് (ഭിത്തിയിൽ നിന്ന് പുറത്തേക്ക് തള്ളിനിൽക്കുന്ന വിളക്ക്) നൽകാം. തറയിൽ നിന്ന് 150 സെമീ ഉയരം വേണം. രണ്ടു വശത്തും നൽകുകയാണെങ്കിൽ ഏഴ്-10 സെമീ ഉയരം വേണം. കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോൾ ന്യൂട്രൽ/കൂൾ ലൈറ്റ് ആണ് കണ്ണാടിയിൽ നിന്നും മുഖത്തേക്കു വീഴുകയെന്ന് ഉറപ്പാക്കുക. എൽഇഡി മിറർ ആണ് ഇതിനു നല്ലത്.


ഊണുമുറി

    ഊണുമുറിയിൽ ഏറ്റവും ഭംഗിയുള്ള ലൈറ്റ് ഫിക്‌സ്‌ചറുകൾ നൽകണം. മുറിയിലെ ശ്രദ്ധാകേന്ദ്രം ലൈറ്റാണ്. ഷാൻഡ്‌ലിയർ, പെൻഡൻ്റ് ലൈറ്റ് എന്നിവയാണ് പൊതുവേ കണ്ടുവരാറുള്ളതെങ്കിലും ട്രാക് ലൈറ്റിങ്, സ്ട്രിങ് പെൻഡൻ്റ് എന്നീ സാധ്യതകൾ പരീക്ഷിക്കാവുന്നതാണ്. റിസസ്‌ഡ് ലൈറ്റും വോൾ ലൈറ്റിങ്ങും അലങ്കാരങ്ങളയും കരകൗശലവസ്‌തുക്കളെയും ഹൈലൈറ്റ് ചെയ്യാൻ സഹായിക്കും. ഭംഗിയുള്ള ക്രോക്കറിയുണ്ടെങ്കിൽ ഹൈലൈറ്റ് ചെയ്യാനായി അവ സൂക്ഷിച്ചിരിക്കുന്ന കാബിനറ്റിനുള്ളിൽ ലൈറ്റ് ചെയ്യാം. ചുമരിൽ സ്കോൺസ് നൽകുന്നതും ഭംഗിയാണ്. പ്രത്യേകിച്ചും ഭംഗിയുള്ള കാബിനറ്റിൻ്റെയോ സൈഡ് ബോർഡിൻ്റെയോ ഇരുവശത്തും നൽകുന്നത്.

 ട്രാക്ക് ഉപയോഗിച്ചോ എൽഇഡി പ്രൊഫൈൽ ഉപയോഗിച്ചോ ആംബിയൻ്റ് ലൈറ്റ് ചെയ്യാം. ഇരിക്കുന്ന ആളുകളിലേക്ക് നേരിട്ട് അടിക്കുന്ന ലൈറ്റ് ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഷാൻഡ്‌ലിയർ, പെൻഡൻ്റ്, ഡൗൺലൈറ്റ്, സ്കോൺസ് എന്നിവ പല ലെവലുകളായി നൽകാം.


ടിപ്‌സ്:

  • സിറ്റിങ് ഏരിയയിലേക്ക് soft shaded fixture ഉപയോഗിക്കുക

  • മേശ, മേക്കപ്പ്/ഡ്രസ്സിങ് എന്നിവിടങ്ങളിൽ നേരിട്ടുള്ള വെളിച്ചം നൽകുക

  • കിടക്കയ്ക്കു നേരെ മുകളിൽ ലൈറ്റ് നൽകരുത്

  • കുറഞ്ഞ വാട്ടി (watt) ലുള്ള ബൾബ് ഉപയോഗിക്കുക

  • മൂഡ് മാറ്റാൻ നിറമുള്ള ബൾബ് നൽകാം

  • ചൂടുള്ള ബൾബിനടുത്തായി ഫാബ്രിക് വരുന്നില്ല എന്നുറപ്പാക്കുക

  • ഹെഡ്ബോർഡിനടുത്ത് വായിക്കാനായി അഡ്‌ജസ്‌റ്റ് ചെയ്യാവുന്ന സ്‌റ്റെം ലൈറ്റ് നൽകുക.

  • ഡൗൺലൈറ്റും പെൻഡൻ്റും ഉപയോഗിച്ച് ആംബിയൻ്റ് ലൈറ്റ് സൃഷ്‌ടിക്കുക

  • ആവശ്യാനുസരണം അപ് ലൈറ്റും ഡൗൺലൈറ്റും ആക്കാവുന്ന, തിരിക്കാവുന്ന ലൈറ്റ് എടുക്കുക.

  • എൽഇഡി സിഎഫ്എൽ പോലെയുള്ള ഊർജക്ഷമതയുള്ള ലൈറ്റ് എടുക്കാം

  • മുറിയിലെ പൊതുവായ വെളിച്ചം ഓൺ ആക്കുന്നതിനു പകരം വാഡ്രോബിനുള്ളിൽ ലൈറ്റ് നൽകാം

  • ബാത്റൂം, വാഡ്രോബ് എന്നിവിടങ്ങളിലേക്കു നയിക്കാൻ ഫൂട് ലൈറ്റ്, നൈറ്റ് ലൈറ്റ് എന്നിവ നൽകാം

വർക് സ്പേസ്

     ആളുകൾ കൂടുതലായും വർക് ഫ്രം ഹോം എന്ന ആശയത്തിലേക്കു മാറിയ കാലമാണ്. വീട്ടിൽത്തന്നെ ഓഫീസ് സ്പേസ് എന്നതിനു പ്രാധാന്യമേറുകയാണ്. ഇവിടെ ആംബിയൻ്റ് ലൈറ്റ് ആവശ്യമായി വരില്ല. ആക്‌സൻ്റ്, ടാസ്‌ക് ലൈറ്റിങ്ങിന് ഇവിടെ ആവശ്യത്തിന് വെളിച്ചം നൽകാൻ സാധിക്കും. ഗ്ലെയർ ഒഴിവാക്കുക; പ്രത്യേകിച്ച് കംപ്യൂട്ടർ സ്ക്രീനിൽ. അതിനായി ഡയറക്ട‌്, ഇൻഡയറക്‌ട് ലൈറ്റിങ് ചെയ്യുക. ഊർജക്ഷമതയുള്ള ലൈറ്റ് ഉപയോഗിക്കുക. 3,000-5,000 K വരുന്ന കൂൾ ലൈറ്റാണ് അനുയോജ്യം. ഓർക്കുക; പ്രകൃതിദത്ത വെളിച്ചം ക്ഷമത കൂട്ടും. ജനാലകൾ വഴി വെളിച്ചം ലഭിക്കും വിധം ഡിസൈൻ ചെയ്‌താൽ ആരോഗ്യവും സന്തോഷവും ക്ഷമതയുമെല്ലാം കൂടും. ഇളംനിറങ്ങളാണ് ചുമരിലെങ്കിൽ വെളിച്ച സ്രോതസ്സുകളുടെ എണ്ണം കുറയ്ക്കാം. മേശയ്ക്കരികിലായി എളുപ്പം എത്താവുന്നിടത്ത് സ്വിച്ച് നൽകുക.


കിടപ്പുമുറികൾ

     വളരെ ശ്രദ്ധിച്ചു വേണം കിടപ്പുമുറിയിൽ ലൈറ്റിങ് ചെയ്യാൻ. മുറിയുടെ വലുപ്പം കണക്കിലെടുത്തു വേണം ലൈറ്റിങ്. ആംബിയൻ്റ് ലൈറ്റിങ്ങിനൊപ്പം വായിക്കാനും മറ്റുമായി ടാസ്‌ക് ലൈറ്റിങ്ങും നൽകാം. ഹെഡ്ബോർഡിനു മുകളിൽ ഡിമ്മറുള്ള റിസസ്ഡ് ലൈറ്റ് നൽകാം. കിടക്കയ്ക്കു നേരെ മുകളിൽ ലൈറ്റ് നൽകുന്നത് ഒഴിവാക്കുക. ചെറുതും ഇളം നിറത്തിലുള്ളതുമായ കിടപ്പുമുറികൾക്ക് ഒരുപാട് ആംബിയയൻ്റ് ലൈറ്റിൻ്റെ ആവശ്യമുണ്ടാവില്ല. നിറയെ കണ്ണാടികളുണ്ടെങ്കിൽ മറ്റ് പ്രകാശസ്രോതസ്സിൽ നിന്നുള്ള വെളിച്ചം പ്രതിഫലിക്കുന്നുണ്ടാവും. കടുംനിറത്തിലുള്ള കിടപ്പുമുറിയാണെങ്കിൽ കുറച്ച് ആംബിയൻ്റ് ലൈറ്റിങ് ഉൾപ്പെടുത്തേണ്ടിവരും. ആർട് വർക്കിനെ ഹൈലൈറ്റ് ചെയ്യേണ്ടതുണ്ടെങ്കിൽ ആക്‌സൻ്റ് ലൈറ്റിങ് പരിഗണിക്കാം. അതായത് സ്പോട് ലൈറ്റ്, പിക്‌ചർ ലൈറ്റ്, സ്കോൺസ് എന്നിവ പ്രയോജനപ്പെടും.

     ഡിമ്മറും നിറം മാറ്റുന്ന ലൈറ്റും കിടപ്പുമുറിയുടെ ലുക്ക് മാറ്റും. മുറിയിലെ പലതരം പ്രകാശത്തിൻ്റെയും  തീവ്രത നിയന്ത്രിക്കാൻ ഇതുവഴി സാധിക്കും. മൂഡ് അനുസരിച്ച് വെളിച്ചം മാറ്റാനും പറ്റും.


പൊതുവായ ടിപ്സ്

  • വൈദ്യുതി ലാഭിക്കുന്നതിനാലും കൂടുതൽ ലൈറ്റിങ് സാധ്യതകൾ നൽകുന്നതിനാലും ഡിമ്മർ ലൈറ്റുകൾ കൂടുതൽ നൽകാം.
  • നിറമുള്ള ബൾബുകൾ അധികമായി നൽകുന്നത് ഒഴിവാക്കാം. ഡൈനിങ്, ലിവിങ്, എന്നിവിടങ്ങളിൽ ഊഷ്മളമായ അന്തരീക്ഷം സൃഷ്‌ടിക്കുന്നതിന് ചുവപ്പും കിടപ്പുമുറി പോലെയുള്ള ശാന്തമായ ഇടങ്ങളിൽ നീലയും കൂൾ നിറങ്ങളും നൽകാം.
  • വീട്ടിൽ ലഭിക്കുന്ന പ്രകൃതിദത്ത വെളിച്ചം ആശ്രയിച്ചാണ് കൃത്രിമമായി നൽകേണ്ട ലൈറ്റിങ് ലെവൽ തീരുമാനിക്കേണ്ടത്. ലഭ്യമായിടത്തെല്ലാം പ്രകൃതിദത്ത വെളിച്ചം ആവോളം നൽകുക; മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് അതാണു നല്ലത്.
  • ശാന്തതയും ആശ്വാസവുമേകാൻ ലോലൈറ്റ് ആണു നല്ലത്. പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ അത്തരം ഇടങ്ങളിൽ ബ്രൈറ്റ് ലൈറ്റ് നൽകാം.
  • ഇൻകാൻഡസൻ്റ് ലൈറ്റിനു പകരം എൽഇഡിയും സിഎഫ്എല്ലും നൽകുന്നത് പണം ലാഭിക്കും.
  • വിദഗ്ധനെ സമീപിച്ച് ഓരോ ഫിക്‌സ്‌ചറിനും വേണ്ട വാട്ട് ആണ് ഉപയോഗിക്കുന്നതെന്നും അതാത് ഇടത്തിന് യോജിക്കുന്ന ലൈറ്റിങ് കോംബിനേഷനാണ് ഉപയോഗിക്കുന്നതെന്നും ഉറപ്പാക്കുക.

ഇന്റീരിയർ-ചെലവു നിയന്ത്രിച്ച്

പോക്കറ്റിനിണങ്ങുന്ന രീതിയിൽ ഇൻ്റീരിയർ ചെയ്യാൻ പുനരുപയോഗം പോലെ ചില കാര്യങ്ങളിൽ ശ്രദ്ധിക്കാം 

വീടുപണിയിൽ ചെലവ് ഏറ്റവും കൂടുതൽ വരുന്ന വിഭാഗമാണ് ഇൻ്റീരിയർ. അൽപമൊന്ന് ശ്രദ്ധിച്ചാൽ ഇന്റ്റീരിയറിന്റെ ചെലവ് നമുക്ക് നിയന്ത്രിക്കാവുന്നതേയുള്ളൂ.

കഴിവതും പഴയ സാധനങ്ങൾ പുനരുപയോഗിക്കാൻ ശ്രദ്ധിക്കാം. ആദ്യംതന്നെ, പുതിയ തീമിനിണങ്ങുന്നതാണോ കയ്യിലുള്ള സാമഗ്രികൾ എന്നു നോക്കാം. അല്ലെങ്കിൽ അതിനെ എങ്ങനെ പുതിയ തീമിനോടിണക്കാമെന്ന് ആലോചിക്കാം. ഡൈനിങ് ടേബിൾ, കട്ടിൽ എന്നിവയൊക്കെ മിക്കവരുടെയും കയ്യിലുണ്ടാവും. അവ ഒന്ന് റീസൈക്ക്ൾ ചെയ്ത് എടുത്താൽ മതി. ഉദാഹരണത്തിന് പഴയ സോഫയ്ക്ക് പുതിയ അപ്ഹോൾസ്‌റ്റ‌റി ചെയ്യാം, പഴയ കട്ടിലിന് പുതിയ തീമിനിണങ്ങുന്ന ഹെഡ്ബോർഡ് പണിയാം. പുതിയവ വാങ്ങുന്നതിന്റെ പകുതിയായി ചെലവ് കുറയ്ക്കാൻ സാധിക്കും.

   

ചെലവു കുറയ്ക്കാൻ ഏറ്റവും നല്ല മാർഗം മിനിമലിസ്റ്റിക് ശൈലിയെ കൂട്ടുപിടിക്കുകയാണ്. മിനിമലിസ്റ്റ് എന്നു പറഞ്ഞാൽ നേർരേഖയിലുള്ള ഫർണിച്ചർ മാത്രമേ പാടുള്ളൂ എന്നർഥമില്ല.       

      എക്ലിറ്റിക്, ബൊഹീമിയൻ, ഷാബി ഷീക്ക് എന്നീ ശൈലികൾ ചെലവു കുറച്ച് ചെയ്യാവുന്ന ഇൻ്റീരിയർ തന്ത്രങ്ങളാണ്. ഒരു സ്റ്റേറ്റ്മെൻ്റ് പീസ് ഇട്ട് അതിനൊപ്പം കയ്യിലുള്ള സാധനങ്ങളൊക്കെ വച്ചലങ്കരിക്കാമെന്നതാണ് ഷാബി ഷീക്കിന്റെ പ്രത്യേകത. ബ്രൈറ്റ് നിറങ്ങളാണ്  എക്ലിറ്റിക് ശൈലിയുടെ സവിശേഷത. എന്തും ചേരുമെന്നതാണ് ബൊഹീമിയൻ്റെ മിടുക്ക്.

     പ്ലാനിങ് ഘട്ടത്തിൽ തന്നെ ഡിസൈനറെ ഉൾപെടുത്താൻ ശ്രദ്ധിക്കണം. സ്ട്രക്‌ചർ പൂർത്തിയായ ശേഷം ഡിസൈനറെ സമീപിക്കുന്ന രീതി ശരിയല്ല. പ്ലമിങ്, ഇലക്ട്രിക് ചെലവ് കൂടാതിതിക്കാൻ ഇതു സഹായിക്കും. ഓപൻ പ്ലാനിൽ പാർട്ടീഷനുകൾക്ക് പ്രാധാന്യമുണ്ട്. ഇവ എവിടെയൊക്കെ വേണമെന്ന കൃത്യമായ ധാരണ ഡിസൈനർക്കുണ്ടാവും. ആദ്യം തന്നെ ഡിസൈനറെ ഏർപെടുത്തിയാൽ പൊളിച്ചു പണിയുടെ നഷ്ട‌ം ഒഴിവാക്കാം.

     ഒരു പുതിയ ഫ്ലാറ്റിന്റെ ഇന്റീരിയർ ചെയ്യാൻ ചതുരശ്രയടിക്ക് 1,500-1,800 രൂപ ആകുമെങ്കിൽ ഇലക്ട്രിക്, പ്ലമിങ് ജോലികൾ കൃത്യമായി നടന്നാൽ ഇത് 1,000 രൂപ ആയി കുറയ്ക്കാൻ സാധിക്കും. അതിനാണ് ഡിസൈനറെ പ്ലാനിങ് സ്‌റ്റേജിൽ തന്നെ ഇടപെടുത്തണമെന്നു പറയുന്നത്.

     പോക്കറ്റ് കാലിയാകാതിരിക്കാൻ വിനൈൽ ഫ്ലോറിങ്ങിനെ കൂട്ടുപിടിക്കാവുന്നതാണ്. ഒരു മെറ്റീരിയൽ തന്നെ ഉപയോഗിക്കാതെ പല മെറ്റീരിയലുകളുടെ കോംബിനേഷൻ ഉപയോഗിക്കുന്നതും സാമ്പത്തിക ലാഭമേകും. ഒരു മുറി അൽപം ആഡംബരത്തിൽ ചെയ്താലും മറ്റു മുറികളിൽ ലാളിത്യം കൊണ്ടുവരാം. ലിവിങ് റൂം പോലെ എല്ലാവരുടെയും ശ്രദ്ധകവരുന്ന മുറി കുറച്ചധികം ഭംഗിയായി അലങ്കരിച്ച്, കിടപ്പുമുറിയിൽ അൽപം വിട്ടുവീഴ്ച ചെയ്യുക.

     വോൾപേപ്പർ ആണോ പെയിന്റ് ആണോ ലാഭമെന്ന് മിക്കവർക്കും സംശയമുണ്ടാകാറുണ്ട്. പെയിന്റ് ആണ് ലാഭം. വോൾപേപ്പറിന് ചെലവും മെയിൻ്റനൻസും കൂടുതലാണ്. പെയിന്റിന്റെ ശരിയായ ഉപയോഗം വഴി മുറിയുടെ പൊക്കവും ആഴവും കൂട്ടാനും കുറയ്ക്കാനും സാധിക്കും. രണ്ട് മുറികൾ തമ്മിൽ വേർതിരിക്കാൻ വരെ പെയിൻ്റിന് സാധിക്കും.

     സോഫ പണിയുമ്പോൾ  ആംറെസ്റ്റ് ഇല്ലാതെ പണിയിപ്പിച്ചാൽ ഏതു മുറിയിലും എങ്ങനെ വേണമെങ്കിലും ഇടാം. ഉദാഹരണത്തിന് 'എൽ'  ഷേപ്പ് ആയും ഇടാൻ സാധിക്കും. സ്വന്തം വീടല്ല എങ്കിലും കുറച്ചു നാളുകൾ മാത്രമേ ഒരു വീട്ടിൽ താമസിക്കാൻ സാധ്യത ഉള്ളൂ എങ്കിലും റെഡിമെയ്‌ഡ് ഫർണിച്ചർ ഉപയോഗിക്കാം. അല്ലാത്തപക്ഷം ഇൻ-ബിൽറ്റ് വാഡ്രോബുകളും ഫർണിച്ചറും ഉപയോഗിക്കാവുന്നതാണ്.

     ബജറ്റ് കൂട്ടുന്ന മറ്റൊന്നാണ് ഫോൾസ് സീലിങ്. 300 ചതുരശ്രയടിയുള്ള മുറിക്ക് വെനീർ ഫിനിഷുള്ള ഫോൾസ് സീലിങ് ചെയ്യണമെങ്കിൽ 25,000-30,000 രൂപ ആകും. എന്നാൽ ഫോൾസ് സീലിങ് പകരുന്ന ആംബിയൻസിനും പ്രയോജനത്തിനും മറ്റൊന്നും പകരം വയ്ക്കാൻ ആവില്ലതാനും. മുഴുവനായി ഫോൾസ് സീലിങ് ചെയ്യാതെ ആവശ്യമുള്ള ഇടങ്ങളിൽ മാത്രം ഫോൾസ് സീലിങ് ചെയ്യുക എന്നതാണ് പ്രതിവിധി. ഉദാഹരണത്തിന് ഒരു മുറിയിൽ രണ്ട് ലൈറ്റേ ഉള്ളുവെങ്കിൽ വോൾ ചിപ്പിങ് ചെയ്ത് അവിടെ മാത്രം ഫോൾസ് സീലിങ് നൽകിയാൽ മതി.

     ചെലവു കുറയ്ക്കാനായി മെറ്റീരിയലുകളുടെ നിലവാരം കുറയ്ക്കരുത്. അലങ്കാരങ്ങളുടെ അളവിൽ വ്യത്യാസം വരുത്താം. നേരത്തെ പറഞ്ഞതു പോലെ ഒരു മുറിയോ ഒരു നിലയോ നന്നായി ഇന്റീരിയർ ചെയ്ത് മുകളിലെ നില ലളിതമായി ചെയ്യാം. പക്ഷേ, മെറ്റീരിയൽ നിലവാരമുള്ളത് ഉപയോഗിക്കണം. അല്ലെങ്കിൽ കുറച്ചു നാളുകൾ കഴിയുമ്പോൾ അറ്റകുറ്റപ്പണിക്കായി നഷ്ട‌ം വരും.

     കഴിവതും പണി ഇടയ്ക്കു വച്ച് നിർത്താതിരിക്കുക. ആദ്യം തന്നെ പണിക്കുള്ള പൈസ കരുതുക. ഇടയ്ക്കു വച്ച് നിർത്തുന്നത് നഷ്ടമുണ്ടാക്കും.

     പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ കഴുകാവുന്നതോ ഗ്ലോസി ആയതോ എടുക്കുക. അപ്പോൾ പെട്ടെന്ന് റീപെയിന്റ് ചെയ്യേണ്ട ആവശ്യം വരില്ല.

     ആവശ്യമുള്ള ഇടങ്ങളിൽ മാത്രം വാഡ്രോബിനു മുകളിൽ ലോഫ്റ്റ് നൽകുക. പലപ്പോഴും ലോഫ്റ്റ് ഉപയോഗിക്കാതെ ഇടുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. 80,000 രൂപ ചെലവു വരുന്ന ഒരു വാഡ്രോബിനു മുകളിലെ മുഴുനീളൻ ലോഫ്റ്റിന് ഏകദേശം 30,000 രൂപയാകും. മൂന്നു കിടപ്പുമുറികളുണ്ടെങ്കിൽ ലോഫ്റ്റ് തന്നെ ഒരു ലക്ഷം രൂപയോളമാകും. കിച്ചൻ ലോഫ്റ്റും ഇങ്ങനെ തന്നെ. ആവശ്യമില്ലെങ്കിൽ ഒഴിവാക്കാം.

     മോഡുലർ കിച്ചൻ ഉപയോഗപ്രദമാണെങ്കിലും ചെലവു കൂട്ടും. അടുക്കളയിലെ കാബിനറ്റുകൾ മുഴുവനായി മൾട്ടിവുഡിലോ മറൈൻ പ്ലൈയിലോ ചെയ്യുന്നതിനു പകരം ഇവയുടെ കോംബിനേഷൻ പരീക്ഷിക്കാം. അതുമല്ലെങ്കിൽ ടോപ് കാബിനറ്റ് ഷട്ടറുകൾ മാത്രം പ്രീലാമിനേറ്റഡ് എംഡിഎഫിൽ ചെയ്തെടുക്കാം.

     ഇലക്ട്രിക്കൽ മെറ്റീരിയൽ ഗുണനിലവാരമുള്ളവ ഉപയോഗിക്കുക. ഭംഗിക്കുവേണ്ടി വെറുതെ ലൈറ്റ് പോയിന്റ്സ് നൽകുന്നതിനു പകരം ടാസ്ക്ക്, മൂഡ്, ജനറൽ ലൈറ്റിങ് എന്നിവയുടെ കോംബിനേഷൻ നൽകിയാൽ കാര്യക്ഷമമായ ലൈറ്റിങ് സാധ്യമാകും.

നിങ്ങൾ ഒരു വ്ലോഗറാണോ? എങ്കിൽ അധികച്ചെലവില്ലാതെ വീട്ടിൽ ഒരുക്കാം അതിനായി ഒരു ഇടം

 വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്നു പറഞ്ഞതു പോലെ സ്‌മാർട് ഫോൺ എടുത്തവരെല്ലാം വ്ലോഗർമാർ എന്ന അവസ്‌ഥയാണ് ഇപ്പോൾ. ഒരു വീട്ടിൽ തന്നെ രണ്ടും മൂന്നും വ്ലോഗർമാരും ഇൻഫ്ലുവൻസർമാരും വാഴുന്ന കാലം. അതിനാൽ തന്നെ രംഗത്ത് കനത്ത മത്സരവുമുണ്ട്. മികച്ച ഗുണനിലവാരത്തിൽ മികച്ച ആശയങ്ങൾ ആദ്യം ആര് എത്തിക്കുന്നുവോ അവർക്കാണ് വിജയം.

  വീട്ടിൽ തന്നെ ഒരു വ്ലോഗിങ് സ്പേസ് ഒരുക്കിയാലോ? വലി ചെലവില്ലാതെ ഇതു ചെയ്തെടുക്കാവുന്നതേയുള്ളൂ.

പശ്ചാത്തലം

     നിങ്ങൾ ക്യാമറയെ അഭിമുഖീകരിക്കുമ്പോൾ ആളുകൾ കാണുന്ന നിങ്ങളുടെ പിന്നിലെ പശ്ചാത്തലം വളരെ പ്രധാനമാണ്. അതു നിങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ടതാണെങ്കിൽ നല്ലത്. പക്ഷേ, അമിത ബഹളമാകരുത്. പശ്ചാത്തലം നിങ്ങളുടെ ചർമത്തിൻ്റെ ടോണുമായി ഇണങ്ങുന്നതാകണം. പല നിറങ്ങൾ വച്ച് പരീക്ഷിച്ച് ഇണങ്ങിയ നിറം കണ്ടെത്താം. നിങ്ങളുടെ സ്റ്റൈലുമായോ വിഷയവുമായോ ഒത്തുപോകുന്ന ബഹളമില്ലാത്ത പശ്ചാത്തലം തിരഞ്ഞെടുക്കാം. പശ്ചാത്തലത്തിന് പ്രാമുഖ്യം വേണം. പക്ഷേ, നിങ്ങളുടെ സംഭാഷണത്തിൽ നിന്ന് വ്യതിചലിപ്പിക്കുന്നതാകരുത്. ഒഴിഞ്ഞ ഭിത്തിയോ ബുക് ഷെൽഫോ നല്ലതാണ്. ലളിതമായ അലങ്കാര വസ്‌തുക്കളോ ആക്‌സസറിയോ വച്ച ഷെൽഫ് നൽകാം. ചെടികൾ വളരെ നല്ല പശ്ചാത്തലമൊരുക്കുന്നു. അവ ഷെൽഫിൽ വയ്ക്കാം, മേശമേൽ വയ്ക്കാം, വലിയൊരു ചട്ടിയിൽ തറയിൽ വയ്ക്കാം. ചുമരിന് ഗ്ലോസ്സി അല്ലാത്ത പെയിൻ്റ്  അടിക്കാം. കുത്തുന്ന നിറങ്ങളും പാറ്റേണുകളുടെ ആധിക്യവും ഒഴിവാക്കാം.

  വോൾപേപ്പറുകൾ, വോൾ സ്‌റ്റിക്കറുകൾ എന്നിവ നൽകാം. വ്യത്യസ്‌ത നിറങ്ങളിലും പാറ്റേണിലുമുള്ള കാൻവാസോ ഫാബ്രിക്കോ ചുമരിൽ നൽകുന്നതും ഭംഗിയേകുന്നു. അതു മാത്രമല്ല, ഇവ ഇടയ്ക്കിടെ മാറ്റാനും സാധിക്കും. അപ്പോൾ കാഴ്‌ചക്കാർക്ക് ഒരേ പശ്ചാത്തലത്തിൻ്റെ വിരസത തോന്നില്ല.

ലൈറ്റിങ്

     വിഡിയോ എടുക്കുമ്പോൾ ലൈറ്റിങ് വളരെ പ്രധാനമാണ്. എവിടെയാണ് ഇരിക്കേണ്ടത്, എവിടെയാണ് വെളിച്ചം വീഴുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. പ്രകൃതിദത്ത വെളിച്ചമാണ് ഏറ്റവും നല്ലത്. നന്നായി സൂര്യപ്രകാശം കിട്ടുന്നയിടം തിരഞ്ഞെടുക്കാം. പ്രകൃതിദത്ത വെളിച്ചം ലഭ്യമല്ല എങ്കിൽ കൃത്രിമ വെളിച്ചത്തെക്കുറിച്ച് ചിന്തിക്കാം. കൃത്രിമ വെളിച്ചത്തിന് സോഫ്റ്റ് ബോക്സ് ലൈറ്റുകളോ, എൽഇഡി പാനലോ നൽകാം. ഇതു വഴി നിഴലുകളില്ലാത്തതും ഏറ്റവും നന്നായി വസ്‌തുക്കളെ കാഴ്ചക്കാരിലേക്ക് എത്തിക്കുന്നതുമായ ലൈറ്റിങ് ലഭിക്കും.

സൗണ്ട് പ്രൂഫിങ്

     ശബ്ദകോലാഹലമില്ലാത്ത ഇടം തിരഞ്ഞെടുക്കണം. ശബ്ദം വരുന്ന ഇടമാണെങ്കിൽ കർട്ടൻ, അക്വൗസ്‌റ്റിക് പാനൽ എന്നിവ നൽകാം. അക്വൗസ്റ്റ‌ിക് പാനൽ ഓൺലൈനിൽ ലഭ്യമാണ്; പിടിപ്പിക്കാനും എളുപ്പമാണ്. കനമുള്ള കാർപെറ്റും റഗ്ഗും തറയിൽ ഇടുന്നതും ശബ്ദ‌ം കുറയ്ക്കാൻ സഹായിക്കും.

ഫർണിച്ചർ

     ഉപയോഗത്തിനു മാത്രമുള്ള ഫർണിച്ചർ നൽകിയാൽ മതി. ഒരു സോഫയോ കസേരയോ നൽകാം. അതാകുമ്പോൾ ഇരുന്നു സംസാരിക്കാം. അല്ലാത്തപക്ഷം, നിൽക്കാനുള്ള ഇടം ഉണ്ടാകുകയും ചെയ്യും. ക്യാമറയും മറ്റ് അനുബന്ധ സാധനങ്ങളും വയ്ക്കുന്നതിന് ചെറിയ മേശയും വേണ്ടിവരും.

ചൂട് കുറയ്ക്കാം

     ഷൂട്ട് ചെയ്യുമ്പോൾ കൂടുതൽ ലൈറ്റുകൾ ആവശ്യമായി വരുന്നതിനാൽ മുറിക്കുള്ളിൽ ചൂട് കൂടും. അതിനാൽ ഫാൻ വേണം. സാമ്പത്തികം അനുവദിക്കുന്നവർക്ക് എസിയും നൽകാം.

പ്ലഗ് പോയിൻ്റുകൾ

     ക്യാമറ, ലൈറ്റ് തുടങ്ങിയ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ ആവശ്യമായ പ്ലഗ് പോയിൻ്റുകൾ ഉറപ്പാക്കുക. അവ എത്ര ഉയരത്തിൽ എവിടെ നൽകണമെന്നും നിശ്ചയിക്കുക.

നിങ്ങളുടെ കയ്യൊപ്പ്

     നിങ്ങളുടെ വ്യക്തിത്വത്തെയോ അവതരിപ്പിക്കുന്ന വിഷയത്തെയോ സൂചിപ്പിക്കുന്ന അലങ്കാരങ്ങൾ നൽകാം. ഫാൻസി ലൈറ്റ്, ആർട് വർക്, ചെടികൾ തുടങ്ങിയവയൊക്കെ ഇത്തരത്തിൽ ഉപയോഗിക്കാം. ഉദാഹരണത്തിന് വാഹനങ്ങളെക്കുറിച്ച് വ്ലോഗ് ചെയ്യുന്നവരാണെങ്കിൽ വാഹനങ്ങളുടെ മിനിയേച്ചർ കൊണ്ട് മോടി കൂട്ടാം. അങ്ങനെ സ്വന്തമായ കയ്യൊപ്പ് നൽകാം.

സ്‌റ്റോറേജ്

     ക്യാമറയും അനുബന്ധ സാമഗ്രികളും സൂക്ഷിക്കാനുള്ള ഇടം കൂടി കരുതിയാൽ കയ്യെത്തും ദൂരത്ത് എല്ലാമായി. ഫാഷൻ, ബ്യൂട്ടി വ്ലോഗ് ചെയ്യുന്നവരാണെങ്കിൽ കണ്ണാടി നൽകാം. മേക്കപ്പ് സാധനങ്ങൾ സൂക്ഷിക്കാൻ ഭംഗിയുള്ള ചെസ്‌റ്ററുകൾ നൽകാം. എല്ലാം അടുക്കിയൊതുക്കി വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

     ആദ്യം തന്നെ ഇവയെല്ലാം സജ്‌ജീകരിക്കേണ്ട ആവശ്യമില്ല. അടിസ്ഥാന കാര്യങ്ങളും ചെറിയ രീതിയിലുള്ള മോടി പിടിപ്പിക്കലും നടത്തിയതിനുശേഷം പതിയെ വരുമാനം കിട്ടിത്തുടങ്ങുന്നതിനനുസരിച്ച് വ്ലോഗിങ് സ്പേസും സൂപ്പറാക്കം.

വീടിൻ്റെ ടീസറാക്കാം ഫോയർ

വീടിനകത്ത് എന്താകും ഉള്ളതെന്ന കൗതുകമണർത്തും ഇടമാകട്ടെ ഫോയർ

      നിമിഷങ്ങൾ മാത്രമാകും ചില ഇടങ്ങളിൽ ചെലവഴിക്കുക. എന്നിട്ടും മടങ്ങുമ്പോൾ മനസ്സിലേറി കൂടെപ്പോരും ആ ഇടങ്ങൾ. അത്തരം ഇടമാകണം ഫോയർ. കുറഞ്ഞനേരം കൊണ്ട് മനസ്സ് കീഴടക്കുന്ന ഇടമായാണ് പുതുതലമുറ വീടുകളിലും ഫ്ലാറ്റുകളിലും ഫോയർ ഒരുങ്ങുന്നത്. വീടിൻ്റെ ടീസറാണ് ഫോയർ എന്ന് തന്നെ പറയാം. ക്രിയേറ്റീവിറ്റി കൊണ്ട് വീടിനകത്ത് എന്താകും ഉള്ളതെന്ന കൗതുകത്തിൻ്റെ ചെപ്പ് തുറന്ന് വയ്ക്കുകയാണ് പുതിയകാല ഫോയർ. വീടിനും ഫ്ലാറ്റിനും മാത്രമല്ല, സ്‌ഥാപനങ്ങൾക്കും ഫോയർ അത്യാവശ്യമുള്ള ഭാഗമായി മാറുകയാണ്.

പൂമുഖത്തിൻ്റെ പുതുരൂപം

     പഴയകാല വീടുകളിലെ പൂമുഖത്തിൻ്റെ പുതിയകാലരൂപമാണ് ഫോയർ. വീടിനുള്ളിലേക്ക് കയറി ലിവിങ് റൂമിലേക്ക് നടക്കുന്ന ഭാഗത്തായാണ് ഫോയർ ഒരുക്കുക. ഇടുങ്ങിയ ഭാഗമാകും ഇത്. അതിഥിയായെത്തുന്ന ആൾക്ക് തങ്ങളെ പരിചയപ്പെടുത്താനും കുട ഒതുക്കി വയ്ക്കാനുമെല്ലാം ഈ സ്ഥലം ഉപയോഗിക്കാനാകും. ആതിഥേയർക്ക് സൺഗ്ലാസ്, താക്കോൽ തുടങ്ങിയവയൊക്കെ  പുറത്ത് കാണാത്ത തരത്തിലൊരുക്കിയ സ്‌റ്റോറേജിൽ സൂക്ഷിക്കാനുള്ള ഇടമാക്കാം. പല കാര്യങ്ങളിക്കു വേണ്ടി ഫോയർ പ്രയോജനപ്പെടുത്താം. കോവിഡ് പടർന്നു പിടിച്ചതിനു ശേഷം ഏത് വീടിനും ആവശ്യമുള്ള ഫോർമൽ ഇടമായി ഫോയർ മാറി. വീടിനുള്ളിലേക്ക് കയറും മുൻ‌പ് മാസ്‌ക് മാറ്റി വയ്ക്കാനും കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കാനുമെല്ലാം ഫോയർ പ്രയോജനപ്പെടുത്താം. 

     വീട് നിർമിക്കുന്ന സമയത്ത് പ്രത്യേകമായി സ്‌ഥലം നീക്കി വച്ചില്ലെങ്കിലും ഇൻ്റീരിയർ ചെയ്യുമ്പോൾ കുറച്ചു സ്‌ഥലം ഫോയർ ആക്കിയെടുക്കാനാകും. പാർട്ടീഷൻ ഒരുക്കിയും ഫോൾസ് സീലിങ് താഴേക്ക് നൽകിയുമെല്ലാം ഫോയർ ഒരുക്കാം.

     വീടിനെ പരിചയപ്പെടുത്തുന്ന ഇടം കൂടിയാണ് ഫോയർ. വീടിനുള്ളിൽ എന്താണ് ഉള്ളതെന്ന് പറയാൻ ഫോയർ സഹായിക്കും. ഫോർമലായിത്തന്നെ വീടിൻ്റെ സ്വഭാവമെന്തെന്ന് ഇൻ്റീരിയറിലൂടെയും അലങ്കാരങ്ങളിലൂടെയും പ്രകടമാക്കാനാകും. ക്രിയേറ്റീവ് തീമിലും ഫോയർ ഒരുക്കാം. വീടിൻ്റെ അതേ തീമിൽത്തന്നെ ഫോയർ രൂപപ്പെടുത്താം.  പരമ്പരാഗത രീതിയിലാണ് വീടിൻ്റെ തീമെങ്കിൽ ഫോയർ മാത്രം മോഡേൺ ആയി ഒരുക്കി വേറിട്ട ഭംഗി നൽകാം.

മിഴിവേകും മിനിമലിസവും ആഡംബരവും

     ഫോയറിന് മിഴിവേകാൻ ചില കാര്യങ്ങൾ ആവശ്യമാണ്. കൺസോൾ ടേബിൾ വളരെ പ്രധാനമാണ്ട്രഡീഷനൽലുക്കുള്ള കൺസോൾ ടേബിൾ ഫോയറിന് ആകർഷണീയതയേകും. പുറത്തേക്ക് പോകുമ്പോൾ കയ്യിലെടുക്കേണ്ട സാധനങ്ങൾ സൂക്ഷിക്കാനുള്ള ‌സ്റ്റോറേജ് സൗകര്യമുളള ടേബിളാണെങ്കിൽ നല്ലത്. വാച്ച്, കീചെയിൻ, സൺഗ്ലാസ് തുടങ്ങിയവ ഈ സ്‌റ്റോറേജിൽ സൂക്ഷിക്കാം.

     മാസ്ക്, സാനിറ്റൈസർ തുടങ്ങിയവ ഒരു ട്രേയിലാക്കി കൺസോൾ ടേബിളിൽ വയ്ക്കാം. മുന്നിൽ അലങ്കാരമെഴുകുതിരികളും ഭംഗിയുള്ള ബൗളിൽ പോട്ട്പൂരിയും വച്ച് പിന്നിൽ സാനിറ്റൈസർ വച്ചാൽ അഭംഗി തോന്നുന്നത് ഒഴിവാക്കാം.

     കൺസോൾ ടേബിളിന് മുകളിലുള്ള ചുവർ ആകർഷകമാക്കാൻ വേണ്ടി പലതരം വസ്‌തുക്കൾ ഉപയോഗിക്കാം. വലിയ ആർട് വർക്ക്, ഫാമിലി കൊളാഷ് ചിത്രങ്ങൾ, ഭംഗിയുള്ള കണ്ണാടികൾ ഇവ ഫോയറിന് മിഴിവേകും. ഇടുങ്ങിയ സ്ഥലമെന്ന തോന്നൽ ഒഴിവാക്കാൻ ഭംഗിയുള്ള വലിയ കണ്ണാടികൾ സഹായിക്കും. ഓപൺ സ്പേസ് എന്ന തോന്നൽ ഉളവാക്കുന്നതിനും പുറത്തേക്കിറങ്ങും മുൻപ് 'യു ആർ സ്മാർട്' എന്ന് സ്വയം പറഞ്ഞ് കോൺഫിഡൻസ് കുട്ടുന്നതിനും കണ്ണാടി പ്രയോജനപ്പെടുത്തുകയുമാകാം.

     ഈ ഭാഗത്ത് ജനൽ ഇല്ലാതിരിക്കുന്നതാണ് നല്ലത്. പ്ലാനിൻ്റെ ഭാഗമായി ഫോയറിൽ ജനലുണ്ടെങ്കിൽ റോമൻ ബ്ലൈൻഡ്‌സ് ഇട്ട് ആകർഷകമാക്കാം.

     ഹാങ്ങിങ് ലൈറ്റ് ഫോയറിന് കൂടുതൽ ഭംഗിയേകും. അധികം വലുപ്പമില്ലാത്തതും ഒത്തിരി താഴ്ന്നു കിടക്കാത്തതുമായ ഹാങ്ങിങ് ലൈറ്റ് വേണം ഉപയോഗിക്കേണ്ടത്.

     വലിയ ഫ്ലവർവേസ്, വലിയ ചെടിച്ചട്ടിയിൽ വയ്ക്കാവുന്ന ഇൻഡോർ പ്ലാൻ്റ്‌സ് ഇവ ഫോയറിൻ്റെ ഭംഗി കൂട്ടും. ഫോയറിനെ കൂടുതൽ ആകർഷമാക്കാനായി കളർ തീമിന് ഇണങ്ങുന്ന റഗ് ഉപയോഗിക്കാം.

     മിനിമലിസമാണ് വേണ്ടതെങ്കിൽ ഡ്രോയേഴ്‌സ് ഇല്ലാത്ത ഒരു ഫ്ലോട്ടിങ് ഷെൽഫ് സ്‌ഥാപിച്ച് അതിന് മീതെയുള്ള ഭിത്തിയിൽ ഭംഗിയുള്ള ആർട് വർക്കോ മിററോ ഒരുക്കാം. മുകളിലൊരു ലാംപും നൽകാം. ഇത്രയുമായാൽ മിനിമൽ ഭംഗിയുള്ള ഫോയർ തയാറായി.

     ഫോയറിന് ആഡംബരഭംഗി നൽകണമെങ്കിൽ കൺസോൾ ടേബിളിന് ഗ്രാൻഡ് ലൂക്ക് നൽകാം. വ്യത്യസ്തമായ കാലുകളുള്ള കൺസോൾ ടേബിൾ ഉപയോഗിക്കാം. മോഡേൺ ഡിസൈൻ നൽകാം. ഭംഗിയുള്ള വലിയ കണ്ണാടികൾ ഉപയോഗിക്കാം. ചുവരിൽ പാനലിങ്, ക്ലാഡിങ് ഇവ ചെയ്യാം. കൺസോൾ ടേബിളിൻ്റെ താഴെ തറയിൽ പാനലിങ് ചെയ്യാം. അലങ്കാരങ്ങളിലൂടെയുള്ള ആഡംബരം കാഴ്ച്‌ക്കാരുടെ മനസ്സിലിടം പിടിക്കുമെന്നുറപ്പ്.
ഒട്ടും കുറയേണ്ട സൗകര്യം

  • ലിവിങ് ഏരിയയിലേക്ക് കയറാതെ തന്നെ മടങ്ങണം എന്ന് കരുതി എത്തുന്ന അതിഥികൾക്ക് വേണ്ടി ഫോയറിൽ സൗകര്യമൊരുക്കാം. അൽപനേരം ഇരിക്കാൻ വേണ്ടി തീമിനോട് ഇണങ്ങുന്ന നിറമുള്ള ബെഞ്ച് സ്ഥ‌ാപിക്കാം
  • പുറത്തേക്കിറങ്ങുമ്പോൾ എന്തെങ്കിലും എടുക്കുന്നതിന് വേണ്ടി കയ്യിലുള്ള ബാഗ് അൽപനേരത്തേക്ക് വയ്ക്കുക ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ‌സ്റ്റോറേജുള്ള സീറ്റ് നൽകാറുണ്ട്. ഔട്ട്ഡോർ ഗെയിമിൽ ഏർപ്പെടുന്ന കുട്ടികൾക്ക് തിരികെ വരുമ്പോൾ ബാസ്കറ്റ് ബോൾ പോലെയുള്ള ‌സ്പോർട്സ് സാമഗ്രികൾ വയ്ക്കാനും മറ്റും ഈ സ്‌റ്റോറേജ് സ്പേസ് പ്രയോജനപ്പെടുത്താം.
  • കുട വയ്ക്കാൻ വേണ്ടിയുള്ള സ്‌റ്റോറേജിനും ഫോയറിൽ ഇടം നൽകാം. അംബ്രല്ല ബക്കറ്റ് അഥവാ അംബ്രല്ല ബിൻ എന്നീ പേരുകളിലുള്ള ഭംഗിയുള്ള സ്‌റ്റോറേജ് സൗകര്യം ഈ സ്‌ഥലത്ത് നൽകാം. ചെരുപ്പുകൾ സൂക്ഷിക്കാനുള്ള സ്‌റ്റോറേജ് ഇവിടെ സ്ഥാപിക്കാതിരിക്കുന്നതാണ് നല്ലത്.

റഗ് സംശയങ്ങൾ മാറ്റാം

റഗ്ഗിനെയും കാർപെറ്റിനെയും നന്നായി അറിയാംശരിയായി പ്രയോജനപ്പെടുത്താം

     റഗ്ഗും കാർപെറ്റുമൊക്കെ സാധാരണക്കാരുടെ വീടുകളിൽ അത്ര സുപരിചിതമായിരുന്നില്ല. അതു കൊണ്ടുതന്നെ ഇതിന്റെയെല്ലാം ഉപയോഗങ്ങളെക്കുറിച്ചും പരിചരണത്തെക്കുറിച്ചുമൊക്കെ അവ്യക്ത‌തകളും സംശയങ്ങളും നമുക്കുണ്ട്. റഗ്ഗും കാർപെറ്റും ഒന്നുതന്നെയാണോ? നമ്മുടെ കാലാവസ്‌ഥയുമായി ചേരുമോ? ഇത്തരം സംശയങ്ങളെല്ലാം ഇവിടെ അവസാനിപ്പിക്കാം. റഗ്ഗിനെക്കുറിച്ചും കാർപെറ്റിനെക്കുറിച്ചും അറിയേണ്ടതെല്ലാം ഇതാ ഈ പേജുകളിലുണ്ട്…

റഗ്ഗും കാർപെറ്റും

     റഗ്ഗും കാർപെറ്റും ഒന്നാണോ എന്ന സംശയം മിക്കവർക്കും ഉണ്ടാകാറുണ്ട്. ഉപയോഗത്തിലെയും വലുപ്പത്തിലെയും വ്യത്യസ്‌തതയാണ് റഗ്ഗിനെയും കാർപെറ്റിനെയും വേർതിരിക്കുന്നത്. നിർവചനമനുസരിച്ച് മുറി മുഴുവൻ നിറഞ്ഞിരിക്കുന്നതാണ് (wall to wall)  കാർപെറ്റ്. റഗ് ഏതെങ്കിലും ഒരു ഫർണിച്ചറിനു താഴെ ഇടാവുന്നതും നീളവും വീതിയും കുറഞ്ഞതുമാണ്. റഗ് ആവശ്യാനുസരണം സ്‌ഥാനം മാറ്റിയിടാം.

     ഓഫിസുകളിലാണ് സാധാരണ കാർപെറ്റ് ഉപയോഗിക്കാറുള്ളത്. സൗണ്ട് പ്രൂഫിങ്ങാണ് പ്രധാന ഉപയോഗം. നിലവിലുള്ള ഫ്ലോറിങ് മറയ്ക്കാനും ഫോർമൽ ലൂക്ക് നൽകാനുമൊക്കെ കാർപെറ്റ് ഉപയോഗിക്കാം. തണുപ്പ് കൂടുതലുള്ള വിദേശ രാജ്യങ്ങളിൽ മുറിയിൽ ചൂട് കിട്ടാൻ നിലം മുഴുവൻ കാർപെറ്റ് വിരിക്കാറുണ്ട്.

എങ്ങനെ തിരഞ്ഞെടുക്കാം

     എളുപ്പത്തിൽ ഉപയോഗിക്കാനും കഴുകാനും കഴിയുന്ന, ഈർപ്പം വലിച്ചെടുക്കാത്ത റഗ് വേണം തിരഞ്ഞെടുക്കാൻ. ഭാരം ഏറ്റവും കുറവ് പ്രകൃതിദത്തമായ നാരുകൾ കൊണ്ടുള്ള റഗ്ഗിനാണ്. നൈലോൺ, പോളിയെസ്റ്റർ റഗ്ഗുകളും ഉപയോഗിക്കാൻ എളുപ്പമാണ്.

     മുറിയിൽ ഇളംചൂടും മാർദവവും നൽകാനും ഭംഗി കൂട്ടാനും റഗ് സഹായിക്കും. ട്രെഡീഷനൽ, കന്റെംപ്രറി, നാച്വറൽ, ബൊഹീമിയൻ, ക്ലാസിക്, ജ്യോമട്രിക്കൽ, അബ്സ്ട്രാക്റ്റ്, ഫ്ലോറൽ, സോളിഡ് കളർ… ഇങ്ങനെ ധാരാളം ശൈലികളിലും പാറ്റേണുകളിലുമുള്ള റഗ് വിപണിയിൽ ലഭ്യമാണ്. ഇന്റീരിയറിന്റെ സ്റ്റൈലിന് അനുസരിച്ചുള്ളത് തിരഞ്ഞെടുക്കാം.

      ട്രെഡീഷനൽ റഗ്ഗിൽ തന്നെ പേർഷ്യൻ, അറേബ്യൻ, കശ്മീർ, ആഫ്രിക്കൻ തുടങ്ങി വ്യത്യസ്‌തതകൾ ഒട്ടേറെയുണ്ട്. ഓരോയിനം റഗ്ഗുകളും തമ്മിലുള്ള വ്യത്യാസം പലപ്പോഴും വളരെ നേർത്തതാണ്. അതുകൊണ്ട് സൂക്ഷിച്ചുവേണം തിരഞ്ഞെടുക്കാൻ. കന്റെംപ്രറി   ശൈലിയിൽ  പാറ്റേണുകളേക്കാൾ ഒറ്റ നിറത്തോടു കൂടിയ റഗ്ഗുകളാണ് കൂടുതൽ ഉപയോഗിക്കുന്നത്.

     കന്റെംപ്രറി വീടുകളിൽ അണ്ഡാക്യതിയിലും വൃത്താകൃതിയിലുമൊക്കെയുള്ള റഗ് യോജിക്കും. എന്നാൽ ട്രെഡീഷനൽ ശൈലിയിലുള്ള വീടിന് ചതുരം, ദീർഘചതുരം എന്നീ ആകൃതികളാണ് കൂടുതൽ ചേരുക. വൃത്താകൃതിയിലുള്ള ഡൈനിങ് ടേബിളിൻ്റെ കൂടെ അതേ ആകൃതിയിലുള്ള റഗ് ഉപയോഗിക്കാം. എന്നാൽ ദീർഘചതുരാകൃതിയിലുള്ള ഡൈനിങ് ടേബിളിൻ്റെ കൂടെ വൃത്താകൃതിയിലുള്ള റഗ് ഉപയോഗിക്കുന്നത് ഭംഗിയായിരിക്കില്ല.

കുട്ടികളും വളർത്തുമൃഗങ്ങളും ഉള്ള വീടുകളിലേക്ക് ഇളം നിറമുള്ള റഗ് അനുയോജ്യമല്ല, ഒറ്റനിറം മാത്രമുള്ള റഗ്ഗിൽ കറ വന്നാൽ പെട്ടെന്ന് തിരിച്ചറിയാനാകും. ചെറിയ രീതിയിൽ പാറ്റേണുകളോ ഡിസൈനുകളോ ഉണ്ടെങ്കിൽ കറയുടെ തീവ്രത മറയ്ക്കാം.

റഗ് എവിടെയെല്ലാം?

     ഫോയർ, ലിവിങ് റൂം, ഡൈനിങ് റൂം,  ബെഡ്‌റൂം, കിച്ചൻ എന്നിവിടങ്ങളിലെല്ലാം ഫർണിച്ചറിനു താഴെ റഗ് ഉപയോഗിക്കാം. വൃത്തിയോടെ ഭക്ഷണസാധനങ്ങൾ കൈകകാര്യം ചെയ്യുന്നവർ മാത്രം ഡൈനിങ് ടേബിളിനു താഴെ റഗ് വിരിക്കുന്നതാണ് നല്ലത്. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലേങ്കിൽ റഗ്ഗിൽ ഭക്ഷണമോ പാനീയങ്ങളോ വീണ് കറ പിടിക്കാൻ സാധ്യതയുണ്ട്. റഗ് ഡൈനിങ് ടേബിളി ൻ്റെ  നാല് വശത്തു നിന്നും 50 സെമീയെങ്കിലും പുറത്തേക്കു തള്ളി നിൽക്കണം. വെള്ളം പിടിക്കാത്ത മെറ്റീരിയൽ വേണം തിരഞ്ഞെടുക്കാൻ.

എന്തെല്ലാം മെറ്റീരിയൽ

     റഗ്ഗിൽ സിന്തറ്റിക്കും പ്രകൃതിദത്തവുമായ ഒട്ടേറെ മെറ്റീരിയൽ ഉണ്ട്. പ്രകൃതിദത്തനാരുകളായ സിൽക്, മൊഹോർ തുടങ്ങിയവ ലക്ഷ്വറി വിഭാഗത്തിൽപ്പെട്ടതാണ്. ഇന്ത്യൻ കോട്ടൻ, കയർ, ജൂട്ട്, കമ്പിളി, കുളവാഴയിൽ നിന്നും മുളയിൽ നിന്നുമെല്ലാം എടുക്കുന്ന ഫൈബർ തുടങ്ങിയവ ഇടത്തരക്കാർക്കുകൂടി ഉപയോഗിക്കാവുന്ന വിലനിലവാരത്തിൽ ലഭിക്കുന്ന മെറ്റീരിയലുകൾ ആണ്.
സിന്തറ്റിക്കിൽ പോളിയെസ്‌റ്റർ, മെമ്മറിഫോം, പോളി പ്രൊപ്പലീൻ, നൈലോൺ, അക്രിലിക് എന്നിവയാണ് കൂടുതൽ പ്രചാരത്തിലുള്ളത്.

റഗ് എന്തിന്?

     കർട്ടനും കുഷനുമെല്ലാം പോല മുറിയെ ഊഷ്‌മളമാക്കുക എന്നതാണ് റാഗ്ഗിൻ്റെ  പ്രധാന കടമ. മുറിയിൽ ചൂട് നൽകുമെന്നതിനാൽ തണുപ്പ് കൂടുതലുള്ള നാടുകളിലാണ് മറ്റും കാർപെറ്റും കൂടുതൽ ഉപയോഗിക്കുന്നത്. സോഫയിലോ കസേരയിലോ കട്ടിലിലോ ഇരിക്കുമ്പോൾ വെറും നിലത്ത് കാൽ വയ്ക്കുന്നതിനുപകരം മൃദുവായ എന്തിലെങ്കിലും വയ്ക്കുന്നതാണ് സുഖപ്രാവും ആരോഗ്യകരവും. ദീർഘനേരം നിൽക്കേണ്ടിവരുന്ന സ്‌ഥലങ്ങളിലും റഗ് ഇടുന്നത് നല്ലതാണ്.

വേണോ വേണ്ടയോ?

      അകത്തളത്തിൽ റഗ് ഉപയോഗിക്കണോ വേണ്ടയോ എന്നത് തീർത്തും വീട്ടുകാരുടെ തീരുമാനമാണ്. ചൂടും ഈർപ്പവും പൊടിയുമൊക്കയുള്ള കാലാവസ്‌ഥയാണ് കേരളത്തനിൽ. നന്നായി പരിപാലിച്ചില്ലെങ്കിൽ റഗ്/ കാർപെറ്റിൽ നിന്ന് ദുർഗന്ധം ഉണ്ടാകാൻ സാധ്യതയുണ്ട്. നന്നായി പരിപാലിക്കാൻ സാധിക്കാത്തവർ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. വാഷിങ് മെഷീനിൽ കഴുകാൻ കഴിയുന്ന ഒട്ടേറെ മെറ്റീരിയലുകൾ വിപണിയിൽ ഉള്ളതിനാൽ റഗ്ഗോ കാർപെറ്റോ ഇഷ്ടപ്പെടുന്നവർ പൂർണമായി ഉപേക്ഷിക്കുകയും വേണ്ട.

റഗ് ഇടുമ്പോൾ


     ഏത് മുറിയിലാണെങ്കിലും ഭിത്തിയിൽ നിന്ന് കുറഞ്ഞത് 24 ഇഞ്ച് മാറ്റി വേണം റഗ് ഇടാൻ എന്നാണ് നിയമം. ഫർണിച്ചറിന്റെ മുൻ കാലുകളെങ്കിലും റഗ്ഗിനു മുകളിൽ വരണം. ഫർണിച്ചർ മുഴുവൻ റഗ്ഗിനു മുകളിൽ വരുന്ന രീതിയി ലു ഇടാം. നാല് കാലും റഗ്ഗിനു മുകളിലാണെങ്കിൽ പിറകിലെ കാലുകളിൽ നിന്ന് കുറഞ്ഞത് ആറ് ഇഞ്ച് എങ്കിലും റഗ് പുറത്തേക്ക് തള്ളി നിൽക്കണം.

മുറിയുടെ മൂന്നിൽ ഒന്ന് ഭാഗം വരെ റഗ് വരാം. അതുകൊണ്ട് ഫ്ലോറിൻ്റെ നിറം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഫ്ലോറിൽ നിന്ന് പെട്ടെന്ന് എടുത്തറിയാവുന്ന നിറമോ പാറ്റേണോ തിരഞ്ഞെടുക്കാം

     ബെഡ്‌റൂമിൽ ഉപയോഗിക്കുമ്പോൾ കട്ടിലിന്റെ താഴത്തെ പകുതി മുതൽ വേണം ഇടാൻ. അല്ലെങ്കിൽ കട്ടിലും രണ്ട് സൈഡ് ടേബിളും മുഴുവൻ റഗ്ഗിന്റെ മുകളിൽ വരുന്ന രീതിയിലും ഇടാം. ഇത്തരത്തിൽ ഇട്ടാൽ കട്ടിലിനടിയിൽ വരുന്ന ഭാഗം ഉപയോഗശൂന്യമായി മാറും. മാത്രമല്ല, വൃത്തിയാക്കാനും പ്രയാസമായിരിക്കും. കട്ടിലിൻ്റെ ചുവട്ടിൽ റഗ് ഇടാൻ താൽപര്യമില്ലെങ്കിൽ കട്ടിലിനിരുവശത്തും മാത്രമായി റണ്ണർ റഗ് ഇടാം. ലളിതമായ ഡിസൈൻ താൽപര്യമുള്ളവർക്ക് ഫുട്‌ബോർഡിൻ്റെ താഴെ മാത്രവും റണ്ണർ റഗ് ഇടാം. കാൽ തുടച്ച് കട്ടിലിൽ കയറാനും വെറുതെയിരിക്കുമ്പോൾ കാൽ വയിക്കാനുമൊക്കെ റഗ് സഹായകരമായിരിക്കും.
     അടുക്കളയിൽ ദീർഘചതുരാകൃതിയിലുള്ള റഗ് ആയിരിക്കും ആവശ്യം. പോളിപ്രൊപലീൻ, അക്രിലിക്, റബർ ഫോം പോലുള്ള മെറ്റീരിയലുകൾ അടുക്കളയിലേക്കു യോജിക്കും.

അടുക്കളയിൽ കുറച്ചധികസമയം നിന്ന് ജോലി ചെയ്യേണ്ടി വരുന്നതിനാൽ റഗ്ഗിന്റെ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും

വൃത്തിയാക്കാൻ വഴിയുണ്ട്

     വാക്വം ക്ലീനിങ്ങാണ് റഗ് വൃത്തിയാക്കാൻ ഏറ്റവും മികച്ച മാർഗം. കൂടാതെ, മിക്ക റഗ്ഗുകളും വാഷിങ് മെഷീനിൽ കഴുകാനാകും. സിൽക്കും മൊഹേറും ഒഴികേ, കമ്പിളി ഉൾപ്പെടെയുള്ള പ്രകൃതിദത്തനാരുകൾ കൊണ്ടുള്ള റഗ് കഴുകാം. കമ്പിളി കൊണ്ടുള്ള റഗ് വിലകൂടിയതാണെങ്കിലും ഈർപ്പം പിടിക്കില്ല. കമ്പിളിയിൽ പെട്ടെന്ന് കറയാവുകയുമില്ല; കറ പിടിച്ചാൽ തന്നെ കളയാൻ എളുപ്പവുമാണ്. വീട്ടിൽത്തന്ന കഴുകാൻ കഴിയുന്ന മെറ്റീരിയൽ ഉപയോഗിക്കുന്നതാണ് എളുപ്പം. കൂടാതെ, എല്ലായിടനത്തും റഗ് ഷാംപൂ ചെയ്യാൻ സൗകര്യമുണ്ട്. 800-1,500 രൂപ മതി പുറത്തുകൊടുത്ത് കഴുകിക്കാൻ. ആറ് മാസത്തിൽ ഒരിക്കലോ വർഷത്തിലൊരിക്കലോ പുറത്തുകൊടുത്തു കഴുകിയാൽ മതിയാവും.

 

റഗ് പാഡ് വേണം

     പ്രകൃതിദത്ത നാരുകൾ കൊണ്ടുള്ളതോ കനം കുറഞ്ഞതോ ആയ റഗ് ആണെങ്കിൽ റഗ്പാഡ് ഉപയോഗിക്കുന്നതു നന്നായിരിക്കും. റഗ്ഗിൻ്റെ അടിയിൽ ഇടുന്ന, റബർ അല്ലെങ്കിൽ സിന്തറ്റിക് മെറ്റീരിയൽ കൊണ്ടുള്ള പാഡ്, റഗ് അങ്ങോട്ടും ഇങ്ങോട്ടും വഴുതി മാറാതിരിക്കാൻ സഹായിക്കും. റഗ്ഗിനേക്കാൻ ഒന്നോ രണ്ടോ ഇഞ്ച് നീളം കുറഞ്ഞതായിരിക്കണം റഗ് പാഡ്.

ഫോയറിൽ റഗ്ഗിനുമീതെ  ഫർണിച്ചർ ഇല്ലേങ്കിൽ റഗ് പാഡ് അത്യാവശ്യമാണ്. മാത്രല്ലേ, റഗ്ഗിൻ്റെ ആയുസ്സു കൂട്ടാനും ചവിട്ടുമ്പോൾ കൂടുതൽ സുഖപ്രദമാകാനും റഗ് പാഡ് സഹായിക്കും.

പൈൽ അറിഞ്ഞിരിക്കണം

     റഗ്ഗിനു പുറത്തെ മാർദ്ദവമാണ് പൈൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത്, മൃദുവായ നാരുകളുടെ എണ്ണം. പൈൽ കുറഞ്ഞ റഗ് ആണ് നമ്മുടെ കാലാവസ്‌ഥയ്ക്കു നല്ലത്. പൈൽ കൂടുംതോറും ചൂടു കൂടും. പൊടിയടിയാനും സാധ്യതയുണ്ട്. അലർജിയുള്ളവർക്ക് പൈൽ കുറഞ്ഞ, കൈ കൊണ്ടു മെടഞ്ഞെടുത്ത റഗ്ഗായിരിക്കും അനുയോജ്യം.

     500 രൂപ മുതലുള്ള റഗ് വിപണിയിലുണ്ട്. ഹാൻഡ് മെയ്‌ഡ് റഗ്ഗാണ് ഏറ്റവും വിലകൂടിയത്. ഇതിൽ ഒരുവശത്ത് പൈലും മറുവശത്ത് നോട്ടും (knot) വരും. നോട്ടിൻ്റെ എണ്ണത്തിലെ വ്യത്യാസമനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടാകും. ചതുരശ്രയടിയിൽ എത്ര നോട്ട് ഉണ്ടെന്നതനുസരിച്ചാണ് വിലയിടുന്നത്. വില കൂടിയ റഗ് വാങ്ങുന്നുണ്ടെങ്കിൽ മറിച്ചിട്ട് നോട്ടുകൾ എണ്ണി ബോധ്യപ്പെടണം. ചതുരശ്രയടിയിൽ 500 നോട്ടിനു മുകളിൽ ഉണ്ടെങ്കിൽ വില കൂടുതലായിരിക്കും. 4x6 അടിയുടെ സാധാരണ റഗ് 5,000-10,000 രൂപയ്ക്ക് ലഭിക്കുമ്പോൾ നോട്ട് കൂടിയതിന് 25,000 ത്തിനു മീതെയായിരിക്കും വില.

മിക്സ് ആൻഡ് മാച്ച് ചെയ്യാം

     ഒന്നിൽ കൂടുതൽ റഗ്ഗുകൾ മിക്സ് ആൻഡ് മാച്ച് ആക്കിയിടുന്നത് പുതിയ ട്രെൻഡ് ആണ്. ഒരു റഗ്ഗിൻ്റെ മീതെ മറ്റൊന്ന് ഇടാം. ഭംഗിക്കു വേണ്ടിയും റഗ്ഗിൻ്റെ കേടുപാടുകൾ മറയ്ക്കാനുമെല്ലാം ഇത്തരത്തിൽ ലെയർ ചെയ്യാം. ലെയറിങ് തീർച്ചയായും ലക്ഷ്വറിയാണ്. പക്ഷേ ഭംഗിയുമാണ്.

പുനർജന്മം

പഴയ ഉൽപന്നങ്ങൾക്ക് പുതിയ രൂപവും ഉപയോഗവും നൽകുന്നതിനെപ്പറ്റി സുമി റാണി എഴുതുന്നു

     ഒരു വസ്തുവിന്റെ ആയുസ്സ് എത്രയാണ്? ഫർണിച്ചറാണെങ്കിൽ പുതിയത് വാങ്ങുന്നതുവരെ. അല്ലെങ്കിൽ പെയിന്റ് പോകുമ്പോഴോ കുഷൻ കീറുന്നതുവരെയോ മറ്റു കേടുപാടുകൾ വരുന്നത് വരെയോ ആയിരിക്കും. പുതിയത് വീട്ടിൽ കയറിവരുമ്പോൾ പഴയതിനെ ഇരുട്ട് മൂലയിലേക്കോ തട്ടുംപുറത്തേക്കോ സ്‌ഥാനം മാറ്റും. ശരിക്കും അതിന്റെ ആയുസ്സ് നമ്മൾ തീരുമാനിക്കുന്നതല്ലേ? കേട് തീർത്തോ, മിനുക്കിയോ, മറ്റൊരു ഉപയോഗത്തിനോ ആയി അവയെ മാറ്റിയെടുക്കേണ്ടത് നമ്മളല്ലേ?

പുതിയ മുഖം

     അതൊക്കെ പഴയതല്ലേ? പലതും ചിതലരിച്ചവ, പെയിന്റ് ഇളകിയവ, കുഷൻ ചെളി പിടിച്ചവ, സ്‌റ്റിച്ച് വിട്ടവ, ഇത് കൊണ്ടാക്കെ എന്ത് പ്രയോജനം? ഇങ്ങനെ ചിന്തിക്കാൻ വരട്ടെ. പുതിയത് വാങ്ങുന്നതിന് മുൻപ് പഴയതിനെ ഒന്ന് സൂക്ഷിച്ചു നോക്കൂ... 'എന്നെ ഒന്ന് മിനുക്കിയെടുക്കൂ, ഇനിയും ഒത്തിരികാലം സേവനം ചെയ്യാം' എന്ന് പറയുന്നതായി കാണാം. കേടുപാടുകൾ തീർക്കാം, കീടങ്ങളെ തുരത്താം, പോളിഷ് ചെയ്‌ത് കുഷൻ മാറ്റാം. ആള് കിടുക്കനാവും. മാറ്റി വയ്ക്കാൻ കുറച്ച് സമയം മാത്രം മതി. പഴയ തടി ഉൽപന്നമാണെങ്കിൽ ചിതലും പൂപ്പലും ഉണ്ടാക്കും. ചീകി കളഞ്ഞ് കീടങ്ങൾക്കെതിരെ മരുന്നടിച്ച് പോളിഷ് ചെയ്യാം.

     കിടപ്പുമുറിയിലെ കർട്ടനും ബെഡ്ഷീറ്റും മാറ്റി വിരിക്കുമ്പോൾ തന്നെ ഒരു സന്തോഷം തോന്നാറില്ലേ... അതു തന്നെയാണ് ഇവിടെത്തെയും ലോജിക്. പാശ്ചാത്യരിൽ മാതൃകയുണ്ട്. അവർ നിശ്ചിത ഇടവേളകളിൽ അകത്തളത്തിലെ ഫർണിച്ചർ, ചുമരിലെ പെയിൻ്റിങ്, എന്തിന് ക്ലോക്ക് വരെ സ്ഥാനം മാറ്റി വയ്ക്കും. ഇത് വീടിനകത്ത് മറ്റൊരു ഫീൽ നിറയ്ക്കും. കണ്ടുമടുത്തവ മാറുമ്പോൾ അകത്തളത്തിന്റെ മുഖഛായ തന്നെ മാറും.

     പുതിയ വീടിന്റെ അടുക്കള എന്ത് ഭംഗിയായിരുന്നല്ലേ... പുതുപുത്തൻ കാബിൻ, മിന്നുന്ന കൗണ്ടർടോപ്, അങ്ങനെ അങ്ങനെ... ഇപ്പോഴോ? അടുക്കളയിലേക്ക് പോകാൻ തന്നെ മടി തോന്നുന്നില്ലേ? കാബിനുകളുടെ പെയിന്റ് മാറ്റാം, പോളിഷ് ചെയ്യാം. അവയുടെ ഹാൻഡിൽ പഴയതായെങ്കിൽ പുതിയത് നൽകാം. ബ്രേക്ഫാസ്റ്റ് ടേബിൾ ഇല്ലെങ്കിൽ ഒരുക്കാം. ഉണ്ടെങ്കിൽ സ്ഥാനം മാറ്റി ക്രമീകരിക്കാം. മാറ്റം അതിശയിപ്പിക്കും.

അടുക്കളയിലെ ബ്രേക്‌ഫാസ്‌റ്റ് കൗണ്ടറിന്റെ ഡിസൈനിനോടു ചേർന്ന് പഴയ കസേര പുതുക്കി കുഷൻ ചെയ്‌ത്‌ നൽകിയപ്പോൾ.

പുതിയ ഉപയോഗം

     വസ്‌തുക്കൾ മിനുക്കിയെടുക്കുക മാത്രമല്ല, മറ്റ് ഉപയോഗങ്ങൾക്കായും പ്രയോജനപ്പെടുത്താം. പുതിയ വീട് വയ്ക്കുന്നവർ പഴയ വീട്ടിലെ വസ്തുക്കൾ സ്‌ഥലം മുടക്കികളാണെന്ന് പറഞ്ഞ് കിട്ടുന്ന വിലയ്ക്ക് തൂക്കിവിൽക്കുകയാണ് പൊതുവേ ചെയ്യാറ്. തടിയൊന്നും കൊടുത്തേക്കല്ലേ... എത്ര എത്ര ഉൽപന്നങ്ങളായി രൂപം മാറാൻ അതിന്റെ ജന്മം പിന്നെയും ബാക്കിയുണ്ടെന്നോ... ചെറിയൊരു ബുദ്ധി പ്രയോഗിച്ചാൽ പണ്ടത്തേക്കാൾ മിടുക്കിലും ഭംഗിയിലും അവയ്ക്ക് പുതിയ രൂപവും ഉപയോഗവും നൽകാം.

     പഴയ ജനൽ പാളികളും കട്ടിലുകളും വ്യത്യസ്തങ്ങളായ അലങ്കാരങ്ങളായും ബുക്ക് ഷെൽഫുകളാക്കിയും മാറ്റാം. കട്ടിലിന്റെ ഹെഡ്‌ബോർഡ് ആക്കാം. പഴയ തടി കസേരകൾ ചേർത്തു വച്ച് ബെഞ്ച് ആക്കാം. കുഷൻ ചെയ്‌ത് സോഫയാക്കാം. ഭിത്തിയിൽ അലങ്കാരമായി പ്രയോജനപ്പെടുത്താം. ടീപോയ്, കട്ടിലിനരികിലേക്കുള്ള സൈഡ് ടേബിൾ എന്നിവയോക്കെയായി രൂപം മാറാൻ ഒരുക്കമാണ് പഴയ വാതിലുകളും ജനലും. പഴയ ഡൈനിങ് ടേബിൾ ഉപയോഗിച്ച് വാഷ് ബേസിൻ കൗണ്ടർ പണിയാം. ചെറുതാക്കി ടീപോയ് ആക്കാം. ഒരു ചതുരശ്രയടി തടി കിട്ടിയാൽ തന്നെ നിരവധി ഉൽപന്നങ്ങളാക്കാം. ഇന്റീരിയറിലെ ചെടിച്ചട്ടികൾക്ക് തടിയുടെ ബോക്സ് എന്ത് ഭംഗിയുണ്ടാക്കും! ജിഐ സ്‌ക്വയർ പൈപ്പുകൾ പഴയ തടിയുടെ കൂടെ ചേർന്ന് അത്ഭുതങ്ങൾ തീർക്കും. ഒരു വെൽഡിങ് മെഷീൻ മാത്രം മതി. കുറച്ച് ഐഡിയകളും.

പഴയ തടി ഫർണിച്ചറിന് ഡിസ്ട്രസ് പെയിന്റ്റ് നൽകി മനോഹരമാക്കാം. പഴയ മരത്തടിയും അലങ്കാരത്തിനായി പ്രയോജനപ്പെടുത്താം.

പുതിയ ആശയം

     കൂടുതൽ സമയം എടുക്കാതെ പെയിന്റ് ചെയ്തും റീ അപ്ഹോൾസ്‌റ്ററി ചെയ്തും എളുപ്പത്തിൽ മാറ്റിയെടുക്കാവുന്ന നിരവധി ഉൽപന്നങ്ങളുണ്ട്. വലിയ മാറ്റമൊന്നും വരുത്താതെ മറ്റൊരു ഇടത്തേക്ക് വേറൊരു ഉപയോഗത്തിന് പ്രയോജനപ്പെടുത്താവു ന്നവ. അകത്ത് ഒത്തിരി കാലം ഉപയോഗിച്ച ബെഞ്ച്, കസേര എന്നിവ ലാൻഡ്സ്കേപിൽ പരീക്ഷിക്കാം. ഡിസ്ട്രസ് പെയിൻ്റ് നൽകിയാൽ ഭംഗി കൂടും. പഴയ വാതിലുകളുടെ ഹാൻഡിലുകൾ ഇതുപോലെയാണ്. പല വിധത്തിൽ പ്രയോജനപ്പെടുത്താം. പഴയ ഗോവണിയുണ്ടെങ്കിൽ  ലൈബ്രറിയിലേക്കും ഗാർഡനിലേക്കും ഉപയോഗപ്പെടുത്തം.

ലാംപ് ഷേഡുകൾക്ക് നിയതമായ രൂപമില്ലാത്തത് എത്ര നന്നായി. കയ്യിൽ കിട്ടുന്നതെല്ലാം ലാംപ് ഷേഡുകളാവാൻ ഒരുക്കമാണ്. മനസ്സിൽ ആശയങ്ങൾ വിരിഞ്ഞാൽ മാത്രം മതി.  

     റീയൂസ്, റെനവേഷൻ, റീസൈക്കിൾ എന്നിങ്ങിനെ മൂന്ന് വിധത്തിൽ ഉൽപന്നങ്ങൾ വീണ്ടും ഉപയോഗപ്പെടുത്താമല്ലോ. പുതിയ വീടിൻ്റെ തീം അനുസരിച്ചും വസ്തുവിന്റെ ഗുണനിലവാരം നോക്കിയും എന്താണ് വേണ്ടതെന്ന് ആലോചിക്കുക. കൂടുതൽ ടൂൾസ് വേണമെന്നില്ല. വീട്ടുകാർക്ക് തന്നെ ചെയ്യാം.

     മാറ്റൊന്ന് വാങ്ങുന്നതിന്റെ പണച്ചെലവ് കുറയ്ക്കുക മാത്രമല്ല, ഉൽപന്നത്തിന് ഒരു സവിശേഷത കൊടുക്കുകയുമാണ് ചെയ്യുന്നത്. ഇഷ്ട വസ്തുക്കളുടെ മൂല്യം പണത്തേക്കാൾ കൂടുതലല്ലേ? ഇഷ്ടമുള്ള സാധനങ്ങൾ ഒഴിവാക്കാൻ പലർക്കും മടിയാണ്. പുതിയ രൂപത്തിൽ അവ നമ്മളെ അതിശയിപ്പിക്കട്ടെ.

ഇലകൾ പച്ച... പൂക്കൾ മഞ്ഞ...

കഴിഞ്ഞ വർഷം അവസാനത്തോടെ ഫാഷൻ പ്രേമികളുടെ മനസ്സിൽ കയറിപ്പറ്റിയ ട്രെൻഡ് ആണ് ട്രോപ്പിക്കൽ ഡി സൈൻ. വർഷവും ട്രെൻഡ് തുടരും എന്നു മാത്രമല്ല, വരും വർഷങ്ങളിൽ അതിന്റെ വകഭേദങ്ങളാകും ലോകമെമ്പാടുമുള്ള അകത്തളങ്ങളെ അടക്കിവാഴുക. ഫർണിഷിങ് മെറ്റീരിയൽ, പാറ്റേൺ, കളർ എന്നിവയിലെല്ലാം ട്രോപ്പിക്കൽ ഡിസൈൻ അനുവർത്തിക്കാം.

നാച്വറൽ മെറ്റീരിയൽ

     ട്രോപ്പിക്കൽ കാലാവസ്‌ഥയിലെ ചൂടിനെ തടുക്കാൻ സാധിക്കുന്ന ഏതുതരം തുണിയും സ്വീകരിക്കാം. കോട്ടൻ, ലിനൻ എന്നിവയുടെ വകഭേദങ്ങളാണ് നമ്മുടെ നാട്ടിലേക്ക് യോജിക്കുക. കാഴ്ചയ്ക്കും കുളിർമ പകരും ഇത്തരം പ്രകൃതിദത്ത നിർമാണസാമഗ്രികൾ.

     കുറഞ്ഞത് 80 ശതമാനമെങ്കിലും കോട്ടൻ ആയ തുണികൾ ട്രോപ്പിക്കൽ തീമിലേക്കു തിരഞ്ഞെടുക്കാം. 100 ശതമാനം കോട്ടൻ സ്‌ഥിരമായി ഉപയോഗിക്കുന്നത് എളുപ്പമല്ല. ഇത്തരം പ്രശ്നങ്ങൾക്കു പരിഹാരമായി കോട്ടനിൽ മറ്റ് പ്രകൃതിദത്ത വസ്‌തുക്കൾതന്നെ ചേർന്നു വരുന്ന തുണികൾ വിപണിയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ വിപണിയിൽ വ്യാപകമായിട്ടില്ലെങ്കിലും ഇന്ത്യയിലെ മെട്രോ നഗരങ്ങളിലും ഓൺലൈൻ സൈറ്റുകളിലും ലഭിക്കും. ബാംബൂ ഫൈ ബർ, റാറ്റൻ ഫൈബർ, ഹെംപ് ഫൈബർ എന്നിങ്ങനെയുള്ള സസ്യജന്യനാരുകളാണ് ഇത്തരത്തിൽ ഉപയോഗിക്കുന്നത്. കൈത്തറിക്കും ട്രോപ്പിക്കൽ ഡിസൈനിൽ സ്ഥാനമുണ്ട്.

പ്രകൃതി തന്നെ മോട്ടിഫ്

     ടോപ്പിക്കൽ കാലാവസ്‌ഥയുടെ പ്രതീകമായ എന്തും ഉൾപ്പെടുത്താം. ലീഫ് പാറ്റേൺ ആണ് ഏറ്റവും സാധാരണം. വാഴയില, മോൺസ്റ്റോ പാം ഇലകൾ, പഴങ്ങൾ, പൂക്കൾ, പക്ഷികൾ, പൂമ്പാറ്റ... ഇങ്ങനെ എന്തിന്റെയും മോട്ടിഫ് ആകാം. വലിയ മോട്ടിഫുകൾ സ്വീകരിക്കപ്പെടുന്നു എന്നതും ട്രെൻഡ് ആണ്.     

     ഹർണിഷിങ്ങിൽ ട്രോപ്പിക്കൽ ഡിസൈൻ ഉൾപ്പെടുത്തുമ്പോൾ എല്ലായിടത്തും പ്രിന്റ് നൽകുന്നതു ഭംഗിയല്ല. സിംഗിൾ കസേരകളായും (ആക്സ‌ന്റ് ചെയർ) കുഷനുകളായും ഒറ്റനിറമുള്ള കർട്ടനിടയിലെ ഹൈലൈറ്റർ കർട്ടനായുമെല്ലാം ട്രോപ്പിക്കൽ പ്രിന്റ് ഉപയോഗിക്കാം.

ബോൾഡ് ആകാം

     ബോൾഡ് നിറങ്ങളും പേസ്‌റ്റൽ നിറങ്ങളുമാണ് പുതിയ ഇപ്പോൾ എല്ലാ വരും ഇഷ്ട‌പ്പെടുന്നത്. മനസ്സിനെയും ബുദ്ധിയെയും ഉണർത്താൻ കഴിവുള്ള നിറങ്ങൾ കൂടിയാണിവ. 2020ലെ പാന്റലോൺ നിറമായ 'കൂൾ ബ്ലൂ' പ്രശസ്ത ഡിസൈനർമാരെല്ലാം പിൻതുടരും. സോഫയ്ക്ക് ബോൾഡ് നിറങ്ങൾ തിരഞ്ഞെടുക്കാൻ നമുക്ക് ധൈര്യം കുറവാണ്. എന്നാൽ പേസ്‌റ്റൽ പിങ്ക് പോലുള്ള നിറങ്ങൾ സോഫയ്ക്ക് നൽകാൻ ഇപ്പോൾ മടിയില്ല. പ്രിയ നിറമായ ഇൻഡിഗോയും ഫർണിഷിങ്ങിൽ വർഷം തിരിച്ചുവരും.